അരൂർ : ദേശീയപാതയിൽ അരൂർ കെൽട്രോൺ ജംഗ്ഷന് സമീപം ബസ് ബേയിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിന്നിൽ ബൈക്ക് ഇടിച്ചു കയറി മൂന്ന് യുവാക്കൾ മരിച്ചു. അരൂർ പഞ്ചായത്ത് 21-ാം വാർഡ് കപ്പലുങ്കൽ വീട്ടിൽ ഗിരിജൻ - പ്രമോദിനി ദമ്പതികളുടെ മകൻ ആൽവിൻ (21), അരൂർ കളപ്പുരക്കൽ വെളി ബിനുവിന്റെയും ബിന്ദുവിന്റെയും മകൻ അഭിജിത്ത് (23), ചന്തിരൂർ വടശേരിൽ വർഗീസിന്റെയും മിനിയുടെയും മകൻ വിജോയ് വർഗീസ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ചന്തിരൂരിൽ സുഹൃത്തിന്റെ വീട്ടിന്റെ പാലുകാച്ചൽ ചടങ്ങ് നടക്കുന്ന വീട്ടിലെത്തിയ ശേഷം ആൽവിൻ, അഭിജിത്ത് എന്നിവർ അരൂരിലെ വീട്ടിലേക്ക് ഡ്യൂക്ക് ബൈക്കിൽ വിജോയുമൊത്ത് പോകുന്നതിനിടെ പാതയോരത്ത് പാർക്ക് ചെയ്തിരുന്ന എറണാകുളം കേന്ദ്രീയ വിദ്യാലയത്തിന്റെ സ്കൂൾ ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു. ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ ബൈക്ക് പൂർണമായി തകർന്നു .ആൽബിനും,അഭിജിത്തും സംഭവസ്ഥലത്തും വിജോയ് വർഗീസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും അരൂർ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിജോയിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട ബൈക്ക്. വൃന്ദമോളാണ് അഭിജിത്തിന്റെ ഭാര്യ. സഹോദരൻ : ബിജിത്ത് . ആൽവിന്റെ സഹോദരൻ : ആഷിക് . വിജോയിയുടെ സഹോദരൻ : ബിജോയ് .