അരൂർ: ദേശീയപാതയിൽ അരൂർ മുതൽ ചേർത്തല ഒറ്റപ്പുന്ന വരെയുള്ള ഭാഗങ്ങളിൽ ദിനം പ്രതി അപകടങ്ങളും അപകട മരണങ്ങളും വർദ്ധിക്കുന്നതിൽ ആശങ്കയേറുന്നു. ബ്ലാക് സ്പോട്ടുകൾ ഏറെയുള്ള പാതയിൽ നിത്യേന ഒരു അപകടമെങ്കിലും റിപ്പോർട്ട് ചെയ്യാത്ത ദിവസമില്ല. അരൂരിൽ ഇന്നലെ പുലർച്ചേ 3 യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബസിന് പിന്നിൽ ഇടിച്ചു ദാരുണമായി മരിച്ചതാണ് അവസാന സംഭവം. അപകടത്തിന് കാരണം അമിത വേഗമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബസിന് പിന്നിൽ ഇടിച്ചു കയറിയ ബൈക്ക് പൂർണ്ണമായി തകർന്നു. കഴിഞ്ഞയിടെ ചന്തിരൂരിൽ യു ടേൺ തിരിയുന്നതിനിടെ മിനിലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഇരുവാഹനങ്ങളും കത്തി നശിച്ചിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ ഭാഗ്യം ഒന്നു കൊണ്ടു മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നൂറിലധികം പേരുടെ ജീവനാണ് പാതയിൽ വിവിധയിടങ്ങളായി നടന്ന അപകടത്തിൽ പൊലിഞ്ഞത്. നിരവധി പേർ പരിക്കേറ്റ് ജീവഛവമായി കഴിയുന്നു. നാലുവരി പാതയിലെ മീഡിയനിൽ ആയിരത്തോളം വഴി വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും പ്രകാശിക്കുന്നില്ല.നിരീക്ഷണ കാമറകളില്ലാത്ത പാതയിൽ രാത്രി കാലങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധന പേരിന് പോലുമില്ല. വാഹനെ പെരുപ്പമേറിയ ദേശീയ പാതയിലെ ജനതിരക്കേറിയ പ്രധാന ജംഗ്ഷനുകളിൽ പോലും ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ കാൽനടയാത്രക്കാരും വളരെയധികം ദുരിതമാണനുഭവിക്കുന്നത്. അപകട മരണങ്ങൾ വർദ്ധിക്കുമ്പോഴും ഇതിനെതിരെ ഫലപ്രദമായ നടപടികളും ബോധവത്കരണവും സ്വീകരിക്കേണ്ട അധികൃതരാകട്ടെ യാതൊന്നും കാണാത്ത മട്ടാണ്.