t
t

# കാലിത്തീറ്റയ്ക്ക് സ്വകാര്യ കമ്പനികളേക്കാൾ വിലയിട്ട് സർക്കാർ സ്ഥാപനങ്ങൾ

ആലപ്പുഴ: മിൽമയും കേരള ഫീഡ്‌സും കാലിത്തീറ്റ വിലയിൽ സ്വകാര്യ കമ്പനികളെ കത്തിവെട്ടുമ്പോൾ ദുരിതത്തിലാവുന്നത് ക്ഷീര കർഷകർ. 50 കിലോയുള്ള ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് മിൽമയും കേരള ഫീഡ്‌സും കഴിഞ്ഞ ഒന്നു മുതൽ ഗോൾഡിന് 180ഉം റിച്ചിന് 160 രൂപയുമാണ് വർദ്ധിപ്പിച്ചത്. നിലവിലെ വില ഗോൾഡ്- 1550, റിച്ച്- 1460

ഇതേ തൂക്കത്തിൽ സ്വകാര്യ കമ്പനികൾ 1340 രൂപയ്ക്കാണ് കാലിത്തീറ്റ വിപണിയിൽ എത്തിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളേക്കാൾ 210 രൂപ കുറവ്. 50 ലിറ്റർ പാൽ അളക്കുന്ന കർഷകർക്ക് ഓരോചാക്ക് കാലിത്തീറ്റയ്ക്കും മിൽമ 100 രൂപ സബ്‌സിഡി വീണ്ടും പുന:സ്ഥാപിച്ചത് ചെറിയ ആശ്വാസം പകരുന്നു. എന്നാൽ 49 ലിറ്റർ പാൽ അളക്കുന്ന കർഷകന് ഈ ആനുകൂല്യം ലഭിക്കില്ല. 1370 രൂപയിൽ നിന്നാണ് 1550 രൂപയായി വില ഉയർത്തിയത്. മിൽമ വില കൂട്ടിയതോടെ സ്വകാര്യ കമ്പനികളും വില കൂട്ടിയെങ്കിലും വിപണി പിടിക്കാനായി വില താഴ്ത്തുകയായിരുന്നു.

പൊതുവിപണിയിൽ കാലിത്തീറ്റ വില നിയന്ത്രിക്കേണ്ടത് കേരള ഫീഡ്‌സിന്റെയും മിൽമയുടെയും ഇടപെടലാണ്. പക്ഷേ, ഇവർ ആദ്യം വില വർദ്ധിപ്പിച്ചു. ഒരു വർഷത്തിനിടെ 32 ശതമാനം വർദ്ധനവാണ് കാലത്തീറ്റയിൽ ഉണ്ടായിട്ടുള്ളത്. രണ്ട് വർഷം മുമ്പ് പാൽ വില നാലു രൂപ വർദ്ധിപ്പിച്ചപ്പോൾ കർഷകർക്ക് 3.35 രൂപ നൽകിയ മിൽമ കാലിത്തീറ്റ വില കിലോയ്ക്ക് 5.80 രൂപയാണ് കൂട്ടിയത്! പാലിന് 5 രൂപ കൂട്ടുമ്പോൾ 4.20 രൂപ കർഷകന് നൽകണമെന്നാണ് മിൽമ തീരുമാനിച്ചിരുന്നത്. വർദ്ധിപ്പിച്ച കാലിത്തീറ്റ വില കഴിച്ചാൽ 60 പൈസയാണ് കർഷകന് ലാഭം! അതിനാൽ പാൽവില കൂട്ടിയതിന്റെ ഗുണം കർഷകർക്കു ലഭിക്കാറുമില്ല.

അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനവാണ് കാലിത്തീറ്റ വില ഉയർത്താൻ കാരണമെന്ന് മിൽമ വാദിക്കുന്നു. അസംസ്‌കൃത വസ്തുക്കൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. വൈക്കോലിനും പുല്ലിനും പുറമേ ഒരു പശുവിന് ദിവസം 10 കിലോഗ്രാം കാലിത്തീറ്റ നൽകണം.

# അജഗജാന്തരം

ഒരു ലിറ്റർ പാൽ 50 രൂപയ്ക്ക് ക്ഷീരസംഘങ്ങൾ വിൽക്കുമ്പോൾ കർഷകർക്കു ലഭിക്കുന്നത് ഇൻസെന്റീവ് ഉൾപ്പെടെ 32- 42 രൂപയാണ്. റീഡിംഗിന്റെയും ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് മിൽമ ചാർട്ട് പ്രകാരം കർഷകർക്കു വില ലഭിക്കുന്നത്.

# കാലിത്തീറ്റ വില

മിൽമ (ബ്രായ്ക്കറ്റിൽ പഴയത്)

ഗോൾഡ്.......................1550 (1370)

റിച്ച്.................,..............1460 (1300)

സ്വകാര്യ കമ്പനി..........1340

ഉത്പാദന ചെലവ് അനുസരിച്ച് പാലിനു വില വർദ്ധിപ്പിക്കണം. ഒരു ലിറ്റർ പാലിന് അഞ്ച് രൂപ പ്രകാരം കാലിത്തീറ്റയിൽ സബ്‌സിഡി ഏർപ്പെടുത്തി കർഷകരെ സഹായിക്കാൻ മിൽമ തയ്യാറാവണം

പൊന്നപ്പൻ, ക്ഷീരകർഷകൻ, പല്ലന