ചേർത്തല: സംഗീതാചാര്യൻ ചേർത്തല കെ.നാരായണ അയ്യരുടെ ജന്മശതാബ്ദി ആഘോഷങ്ങൾ 12ന് ചേർത്തലയിൽ തുടങ്ങും. കുടുംബവും ശിഷ്യരും ഗ്ലോബൽ മ്യൂസിക്ക് അക്കാഡമിയും ചേർന്നാണ് നൂറുകണക്കിനു പ്രതിഭകളെ വാർത്തെടുത്തിട്ടുള്ള സംഗീതാചാര്യന്റെ സ്മരണ ദിനത്തിൽ ആഘോഷങ്ങളൊരുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള സംഗീതാചാര്യന്റെ ശിഷ്യരുടെ ഒത്തുചേരലുകൂടിയാകും ആഘോഷമെന്ന് വയലിൻ ആചാര്യൻ നെടുമങ്ങാട് ശിവാനന്ദൻ,കെഎൻ.കൃഷ്ണയ്യർ,ഡോ.കെ.എൻ.രംഗനാഥശർമ്മ,മരുത്തോർവട്ടം ഉണ്ണികൃഷ്ണൻ,ഗുരുവായൂർ പുരുഷോത്തമൻ എന്നിവർ വാത്താസമ്മേളനത്തിൽ അറിയിച്ചു. ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി 12ന് ചേർത്തല ഭുവനേന്ദ്ര ഓഡിറ്റോറിയത്തിൽ രാവിലെ ത്യാഗരാജ കീർത്തനാലാപനം.9.30 മുതൽ വൈകിട്ട് 5.30 വരെ 170 ഓളം കലാകാരൻമാർ അണിനിരക്കുന്ന അഖണ്ഡ സംഗീതാർച്ചന. 5.30ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വയലിൻ ആചാര്യൻ നെടുമങ്ങാട് ശിവാനന്ദൻ അദ്ധ്യക്ഷനാകും. പ്രൊഫ.കുമാരകേരളവർമ്മ,പ്രൊഫ.പാറശാല രവി,ഡോ.കസ്തൂരി രാമകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.101 സംഗീതകൃതികളുടെ പ്രകാശനവും ചടങ്ങിൽ നടക്കും. തുടർന്ന് 7മുതൽ ഡോ.കെ.എൻ.രംഗനാഥശർമ്മയുടെ നേതൃത്വത്തിൽ സംഗീതസദസ്. ജന്മശതാബ്ദിയുടെ ഭാഗമായി ലോകത്തിന്റെ വിവധ ഭാഗങ്ങളിലുള്ള ശിഷ്യരെ കോർത്തിണക്കിയുളള 100 മണിക്കൂർ തുടർച്ചയായുള്ള ഓൺലൈൻ സംഗീതയജ്ഞം അമൃത വർഷിണി ഗ്ലോബൽ മ്യൂസിക് അക്കാഡമിയുടെ ഫേസ്ബുക്ക് പേജിൽ ഡിസംബർ 17 മുതൽ 21വരെ സംപ്രേഷണം ചെയ്യും.