# പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകൾക്ക് ഒരു മാറ്റവുമില്ലെന്ന് പരാതി

ആലപ്പുഴ: പഴകിയ ഭക്ഷണം നൽകുകയും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുയും ചെയ്തതിന് നഗരസഭ നടപടിയെടുത്ത ഹോട്ടലുകളുടെ പ്രവർത്തനം പുനരാരംഭിച്ചതിൽ പ്രതിഷേധം. രണ്ടോ മൂന്നോ ദിവസം അടച്ചിട്ടതിനപ്പുറം നടപടികൾ ഒന്നുമുണ്ടായില്ല. മുമ്പും ഇത്തരത്തിൽ പിടിക്കപ്പെട്ട് പൂട്ടിയ ഹോട്ടലാണ് കുറ്റം ആവർത്തിച്ച ശേഷവും പുനരാരംഭിച്ചിരിക്കുന്നതെന്നും വിമർശകർ വാദിക്കുന്നു. ഇങ്ങനെ തുടങ്ങിയ ഹോട്ടലുകൾ വൃത്തിഹീനമായ അതേ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും പരാതിയുണ്ട്.

എന്നാൽ ഭക്ഷണശാലകൾക്ക് തെറ്റ് തിരുത്താനും പോരായ്മകൾ പരിഹരിക്കാനും സമയം നൽകുകയും ശരിയായി എന്നുറപ്പു വരുത്തിയ ശേഷം തുറക്കാൻ അനുമതി നൽകുകയുമാണ് പതിവെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കുന്നു.

# നഗരസഭയുടെ വിശദീകരണം

നവംബർ ഒന്നിന് റെയ്ഡ് നടക്കുകയും 4ന് തുറക്കാൻ അനുവാദം കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ പരിശോധനയ്ക്ക് ശേഷം 5നാണ് ഹോട്ടൽ തുറന്നത്. കിട്ടേണ്ടത് കിട്ടിയപ്പോൾ 'സെറ്റിൽ' ചെയ്തു എന്ന രീതിയിലാണ് ആരോപണം. കിമ്പളം വാങ്ങുന്നവരുണ്ടാവാം. എന്നാൽ ഭൂരിഭാഗം ഉദ്യോഗസ്ഥരും അഴിമതി രഹിതരും അന്തസോടെ ജോലി ചെയ്യുന്നവരുമാണ്.

# വിമർശകരുടെ വാദം

പുനരാരംഭിച്ച ഹോട്ടലിന്റെ കക്കൂസിന് സമീപത്ത് നിന്നു ഭക്ഷണം പിടികൂടിയത് ആലപ്പുഴ നഗരസഭ അധികൃതരാണ്. 3 ദിവസം അടച്ചിട്ടതിന്റെ പേരിൽ അവർ നല്ല ഭക്ഷണം നൽകുമെന്ന് കരുതാനാവില്ല. മാതൃകാപരമായ ശിക്ഷയല്ല നൽകിയത്. ഇതേ ഹോട്ടൽ മുമ്പും പഴകിയ ഭക്ഷണം കൊടുത്തതിന് നടപടി നേരിട്ടതാണ്. എന്നിട്ടും ഒരു കൂസലുമില്ലാതെ അതിലും വൃത്തികേടായി ഭക്ഷണം വിളമ്പുന്നു.

നഗരസഭാ ആരോഗ്യവിഭാഗം കൃത്യമായി ഹോട്ടൽ പരിശോധനകൾ നടത്തി വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവയ്ക്കെതിരെ നടപടിയെടുക്കുകയും പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചനക്ഷത്ര റിസോർട്ടുകളടക്കം റെയ്ഡ് ചെയ്തിട്ടുണ്ട്. ഏവരോടും ഒരേ തരം സമീപനമാണ് സ്വീകരിക്കുന്നത്. ഇത്തരം ഹോട്ടലുകൾ എക്കാലത്തേക്കും പൂട്ടിക്കാറില്ല

സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ