ആലപ്പുഴ: നിലവിൽ സുലഭമായ മത്തി, അയല, പൊടിമീൻ എന്നിവ ഹോട്ടലുകളിലെ തീൻ മേശയിൽ എത്തുമ്പോൾ അമിത വില. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നതിന്റെ പേരിലാണ് ചെറുമത്സ്യങ്ങൾക്കും വില കൂട്ടിയതെന്ന് ഹോട്ടൽ ഉടമകൾ വാദിക്കുന്നു.
ഒരുമാസമായി അരി ഉൾപ്പെടെയുള്ള സാധന വില കുതിച്ചുയരുകയാണ്. പാചകവാതക വിലവർദ്ധന വേറെ. ഊണിന് 60 മുതൽ 130 രൂപ വരെ ഈടാക്കാന്ന ഹോട്ടലുകൾ ഉണ്ട്. മത്തി ഒന്നര കിലോയ്ക്ക് 100 രൂപയും അയല കലോയ്ക്ക് 120 മുതൽ 140 വരെയാണ് വില. ഓയിൽ, ചിക്കൻ, വെളിച്ചെണ്ണ എന്നിവയ്ക്ക് വില കുറവാണ്. വറുത്ത മത്തിക്ക് 50 മുതൽ 60 രൂപ വരെയും അയലയ്ക്ക് 60 മുതൽ 80 രൂപ വരെയും പൊടിമീന് 100 രൂപയുമാണ് ഈടാക്കുന്നത്. ജില്ലയിൽ ആലപ്പുഴ നഗരത്തിലാണ് അമിത വിലയെന്ന് പരാതിയുണ്ട്. അനുബന്ധ സാധനങ്ങളുടെ വില വർദ്ധനവിൽ പിടിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നാണ് ഹോട്ടൽ ഉടമകളുടെ വാദം.
# ലാഭം വരുന്ന വഴി
100 രൂപ നൽകിയൽ കുറഞ്ഞത് 60 മത്തി കിട്ടും. വറുത്ത് വില്പന നടത്തുമ്പോൾ 800 രൂപ! അയലയുടെ കാര്യത്തിലും സ്ഥിതി ഇതു തന്നെ. 140 രൂപയ്ക്ക് ഒരുകിലോ അയല വാങ്ങിയാൽ 12 എണ്ണം ലഭിക്കും. വറുത്താൽ 960 രൂപയ് വിൽക്കാനാവും. പൊടിമീനിന്റെ കാര്യത്തിലും സ്ഥിതി ഇതു തന്നെ.
#പരിശോധന ഇല്ല
അമിത വില ഈടാക്കുന്ന ഹോട്ടലുകളിൽ പരിശോധന നടക്കുന്നില്ലെന്ന പരാതിയുമുണ്ട്. വില വിവരപ്പട്ടിക പ്രസിദ്ധീകരിക്കണമെന്ന കളക്ടറുടെ നിർദ്ദേശം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പും സിവിൽ സപ്ളൈസ് വകുപ്പും രംഗത്തില്ല. വലപ്പോഴും നഗരസഭ,പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവരുടെ പരിശോധന മാത്രമാണ് നടക്കുന്നത്. ശുചിത്വകാര്യങ്ങളാണ് ഇവർ പരിശോധിക്കാറുള്ളത്.
# വില വിവരം
മത്തി (മൂന്നെണ്ണം): 50-60
അയല: 60-80
പൊടിമീൻ: 90