# തീരദേശ പരിപാലന നിയമത്തിലെ കടുപ്പം ഭീഷണിയാവുന്നു
ഹരിപ്പാട്: തോട്ടപ്പള്ളി-വലിയഴീക്കൽ പാത തീരദേശ ഹൈവേ ആയി വികസിപ്പിക്കാൻ പ്രാരംഭ നടപടികൾ ആരംഭിച്ചതോടെ കുടിയൊഴിയേണ്ടി വരുന്നവരുടെ ആശങ്കയേറുന്നു. ഭൂമിശാസ്ത്രപരമായി ഒട്ടേറെ പരിമിതികളുള്ള തൃക്കുന്നപ്പുഴ ആറാട്ടുപുഴ പഞ്ചായത്തുകളിൽ ജീവനോപാധികളും കിടപ്പാടവും നഷ്ടപ്പെടുന്നവർക്ക് പുനരധിവാസത്തിന് പ്രതിസന്ധികൾ ഒട്ടനവധിയാണ്.
തീരദേശ പരിപാലന നിയമം അടക്കമുള്ള കാര്യങ്ങൾ പുനരധിവാസത്തിൽ കുരുക്കായി മാറും. ആറാട്ടുപുഴ പഞ്ചായത്തിന്റെ തെക്കേയറ്റമായ വലിയഴീക്കൽ മുതൽ പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി വരെ നീളുന്ന 22.10 കിലോമീറ്റർ റോഡ് തീരദേശ ഹൈവേയായി വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. 6500 കോടി ചെലവ് വരുന്ന പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകി. സർവേ നടപടികൾ പൂർത്തിയായി. റോഡിന്റെ അതിർത്തി തിരിച്ചുള്ള കല്ലിടൽ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദേശീയ പാത വികസന സ്ഥലമെടുപ്പിന്റെ അടിസ്ഥാനത്തിൽ മാന്യമായ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. അതുകൊണ്ടുതന്നെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ കാര്യമായ പ്രതിഷേധം എങ്ങും ഉണ്ടായിട്ടില്ല. തൃക്കുന്നപ്പുഴയിൽ റോഡ് അലൈൻമെന്റിനെ ചൊല്ലി കഴിഞ്ഞ ദിവസം പ്രതിഷേധമുണ്ടായി. തൃക്കുന്നപ്പുഴ ജംഗ്ഷൻ മുതൽ വടക്കോട്ട് പള്ളിപ്പാട് മുറി വരെയുള്ള ഭാഗങ്ങളിൽ മറ്റിടങ്ങളെ അപേക്ഷിച്ച് കൂടുതൽ കച്ചവട സ്ഥാപനങ്ങളും വീടുകളും നഷ്ടപ്പെടുന്ന തരത്തിലാണ് നിലവിൽ അലൈൻമെന്റ്. നഷ്ടം കുറയ്ക്കുന്ന തരത്തിൽ റോഡ് നിർമ്മാണം സാദ്ധ്യമാണെന്നും അത്തരത്തിൽ അകലെൻമെന്റ് പുനർ നിർമ്മിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
# എങ്ങോട്ട് ഒഴിയും
റോഡിനായി ജീവനോപാധികളും കിടപ്പാടവും വിട്ടുകൊടുക്കുന്നവരുടെ പുനരധിവാസമാണ് പ്രധാന പ്രശ്നം. കടലിലും കായലിനും ഇടയിൽ നാട പോലെ കിടക്കുന്ന പഞ്ചായത്തുകളാണ് തൃക്കുന്നപ്പുഴയും ആറാട്ടുപുഴയും. 50 മുതൽ 500 മീറ്റർ വരെ വീതിയാണ് ഒട്ടുമിക്ക സ്ഥലത്തും കടലും കായലും തമ്മിലുള്ളത്. തീരദേശ പരിപാലന നിയമപ്രകാരം കടലിൽ നിന്നു 500 മീറ്റർ പരിധിയിലും കായലിൽ നിന്നു 100 മീറ്റർ പരിധിയിലും നിർമ്മാണ പ്രവർത്തനങ്ങൾ അനുവദനീയമല്ല. നൂറുകണക്കിന് കെട്ടിടങ്ങളാണ് ഇപ്പോൾ തന്നെ സി.ആർ.ഇസഡ് പരിധിക്കുള്ളിൽ ആണെന്ന കാരണത്താൽ നമ്പർ ലഭിക്കാതെ ഇവിടെയുള്ളത്. റോഡിനു വേണ്ടി കച്ചവട സ്ഥാപനങ്ങളും വീടുകളും നഷ്ടപ്പെടുന്നവർക്ക് ശേഷിക്കുന്ന സ്ഥലത്ത് പുതുതായി ഇവ നിർമ്മിക്കാനാവില്ല.
# അനധികൃതമാവുമോ ഒടുവിൽ
ആയിരക്കണക്കിന് ആളുകളാണ് തീരദേശ പരിപാലന നിയമത്തിന്റെ പ്രതിസന്ധി നേരിടുന്നത്. ഭൂവിസ്തൃതിയുടെ കുറവും നിയമത്തിന്റെ വിലക്കും ഉള്ളതിനാൽ ജന്മനാട്ടിൽ സ്ഥലം കണ്ടെത്താൻ കഴിയാതെ റോഡിനു വേണ്ടി കുടിയൊഴിക്കപ്പെടുന്നവരിൽ അധികംപേർക്കും നാടുവിട്ടു പോകേണ്ടി വരും. കച്ചവടക്കാർക്കാവും ഏറെ ദുരിതം. റോഡിനു വേണ്ടി നീക്കം ചെയ്യുന്ന കടകളുടെയും വീടുകളുടെയും നമ്പറുകൾ പിന്നീട് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുനസ്ഥാപിച്ച് നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്. സ്ഥലപരിമിതി മൂലം സി.ആർ.ഇസഡ് പരിധി ലംഘിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആറാട്ടുപുഴ തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ ഏറെയാണ്. കടകളും വീടുകളും ഇതിൽപ്പെടും. താത്കാലിക നമ്പറുകളാണ് ഇവർക്ക് ലഭിച്ചിട്ടുള്ളത്. റോഡിനായി കുടിയൊഴിപ്പിക്കപ്പെടുമ്പോൾ അനധികൃത നിർമ്മാണം എന്നു പറഞ്ഞു നഷ്ടപരിഹാരത്തിൽ നിന്നു ഇത്തരക്കാരെ ഒഴിവാക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.