# പള്ളാത്തുരുത്തി പാലത്തിന്റെ നിർമ്മാണം തുടങ്ങാത്തത് ആശങ്ക
ആലപ്പുഴ: എ-സി റോഡ് നവീകരണം പൂർത്തിയാക്കി 2023ൽ തുറന്നുകൊടുക്കാനുള്ള പരിശ്രമങ്ങൾ പുരോഗമിക്കുമ്പോഴും പാതയിലെ പ്രധാന പാലമായ പള്ളാത്തുരുത്തി പാലത്തിന്റെ പുനർനിർമ്മാണ ജോലികൾ ആരംഭിക്കാത്തത് ആശങ്കയാകുന്നു.
കോസ് വേകളിൽ ഗർഡറുകൾ സ്ഥാപിക്കൽ, റോഡ് പൊളിച്ച് ടാറിംഗ്, കാന നിർമ്മാണം എന്നിവയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കിടങ്ങറ, നെടുമുടി എന്നിവിടങ്ങളിൽ സമാന്തര പാലത്തിന്റെയും മങ്കൊമ്പ് ബ്ലോക്ക്, ഒന്നാംകര ഭാഗത്തും മങ്കൊമ്പ് തെക്കേക്കര, ജ്യോതി ജംഗ്ഷൻ, പാറശേരി ഭാഗത്തുമുള്ള മേൽപ്പാലങ്ങളുടെയും ജോലികൾ അന്തിമ ഘട്ടത്തിലാണ്. നെടുമുടി പാലത്തിന്റെ ഇരുകരകളിലേക്കുള്ള അപ്രോച്ച് പാലങ്ങളുടെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. പ്രധാന പാലത്തിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി വരുന്നു. മഴക്കാലത്ത് തുടർച്ചയായി വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളിലാണ് കോസ് വേ നിർമ്മിക്കുന്നത്. റോഡിൽ നിന്ന് ഒന്നര മീറ്റർ ഉയരത്തിലാണ് നിർമ്മാണം. മാമ്പുഴക്കരി, നെടുമുടി പാലങ്ങൾക്ക് കിഴക്കുവശത്തും പൂപ്പള്ളി ജംഗ്ഷനിലും കോസ്‌വേ നിർമ്മിക്കാനാണ് പദ്ധതി. നവീകരണ ജോലികൾ പുരോഗമിക്കുന്നതിനിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
# കാശ് വേണം
ദേശീയ ജലപാത അതോറിട്ടിയുടെ അനുമതി ലഭിച്ച, പള്ളാത്തുരുത്തിയിലെ പുതിയ പാലത്തിന്റെ നവീകരിച്ച രൂപരേഖയ്ക്ക് അനുസരിച്ചുള്ള നിർമ്മാണത്തിന് സർക്കാർ തുക അനുവദിക്കാത്തതാണ് നിറുത്തി വച്ച പൈലിംഗ് ജോലികൾ പുനരാംരംഭിക്കാൻ കഴിയാത്തതിന് കാരണം. കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച പൈലിംഗ് ജോലികൾ ദേശീയ ജലപാത അതോറിട്ടിയുടെ ചട്ടം ലംഘിച്ചെന്ന പേരിൽ ഫെബ്രുവരിയിലാണ് നിറുത്തിവച്ചത്. നിലവിലെ പാലത്തിന് സമാന്തരമായി അതേ നീളത്തിലും വീതിയിലും പാലം നിർമ്മിക്കാൻ തയ്യാറാക്കിയ ഡിസൈനിന്റെ അടിസ്ഥാനത്തിലാണ് പൈലിംഗ് ജോലികൾ തുടങ്ങിയത്. എന്നാൽ, ദേശീയ ജലപാതയിലെ നിർമ്മാണത്തിന് ഉൾനാടൻ ജലപാത അതോറിട്ടിയുടെ അനുമതി വാങ്ങിയിരുന്നില്ല.
# പുതിയ പാലം
ഒരേസമയം രണ്ട് ബാർജുകൾക്ക് കടന്നുപോകാവുന്ന വീതിയിൽ പാലത്തിന്റെ തൂണുകൾ തമ്മിലുള്ള അകലം ക്രമീകരിച്ചാണ് പുതിയ ഡിസൈൻ. ഇതനുസരിച്ച് അപ്രോച്ച് റോഡിന്റെയും സമീപ പാതയുടെയും ഉയരം കൂട്ടും. നിലവിലുള്ള പാലത്തിന്റെ രണ്ട് തൂണുകൾ തമ്മിലുള്ള അകലം 29 മീറ്ററാണ്. ദേശീയ ജലപാത അതോറിട്ടിയുടെ ചട്ടപ്രകാരം 40 മീറ്ററാണ് വേണ്ടത്. പ്രളയകാലത്തെ ജലനിരപ്പിൽ നിന്ന് ആറ് മീറ്റർ ഉയരവുമുണ്ടാകും.
പള്ളാത്തുരുത്തിയിൽ പുതിയ ഡിസൈൻ അനുസരിച്ചുള്ള പാലത്തിന്റെ പൈലിംഗ് ജോലികൾ വൈകാതെ ആരംഭിക്കും. എ-സി റോഡിലെ മറ്റ് ഭാഗങ്ങളിലെ ജോലികൾ തടസമില്ലാതെ വേഗത്തിൽ നടന്നുവരികയാണ്. 2023 ഡിസംബറിൽ റോഡ് ഗതാഗതത്തിനു തുറന്ന് കൊടുക്കുകയാണ് ലക്ഷ്യം
- അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ, പൊതുമരാമത്ത് വകുപ്പ്