ആലപ്പുഴ: ലഹരി വസ്തുക്കളുടെ വില്പന തടയാൻ സ്‌കൂൾ, കോളേജ് പരിസരങ്ങളിലെ കടകളിൽ നടത്തിയ പരിശോധനയിൽ 10 കേസുകൾ രജിസ്റ്റർ ചെയ്തു. എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും 65 സംഘങ്ങളായി തിരിഞ്ഞ് 112 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. സബ്ഡിവിഷൻ തലത്തിൽ ആലപ്പുഴ, കായംകുളം ഒന്നു വീതവും അമ്പലപ്പുഴയിൽ രണ്ടും ചെങ്ങന്നൂരിൽ ആറും ഉൾപ്പെടെയാണ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. പരിശോധനകൾക്ക് വിവിധ സ്റ്റേഷനുകളിലെ സി.ഐമാർ നേതൃത്വം നൽകി.
പിടിച്ചെടുത്തതിൽ പുകയില ഉത്പന്നങ്ങളായിരുന്നു കൂടുതലും. സ്‌കൂളുകൾക്ക് സമീപമുള്ള തട്ടുകട, പെട്ടിക്കട, ഒഴിഞ്ഞ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും കച്ചവടം നടന്നിരുന്നത്. വിദ്യാലയ പരിസരങ്ങളിൽ വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്താൻ നിർദ്ദേശിച്ചതായി ആലപ്പുഴ അഡീഷണൽ എസ്.പി എസ്.ടി. സുരേഷ് കുമാർ പറഞ്ഞു.