മാന്നാർ: വേനൽ മഴയും വെള്ളപ്പൊക്കവും മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് മാസങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല. അപ്പർ കുട്ടനാടൻ മേഖലയിലുൾപ്പെട്ട മാന്നാറിന്റെ പ്രധാന കാർഷിക സ്രോതസായ നെൽക്കൃഷിയിൽ മൂന്നു വർഷമായി നഷ്ടക്കണക്കുകൾ മാത്രമാണുള്ളത്.
വായ്പയെടുത്തതും കൊള്ളപ്പലിശക്ക് വാങ്ങിയതുമായ ലക്ഷങ്ങളാണ് ഓരോ കർഷകർക്കും നഷ്ടമായത്. കണക്കെടുപ്പുകളും ആശ്വാസ പ്രഖ്യാപനങ്ങളും മുറ തെറ്റാതെ നടക്കാറുണ്ടെങ്കിലും പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിക്കാതെ കർഷകരുടെ കാത്തിരിപ്പ് നീളുകയാണ്. കഴിഞ്ഞ കൃഷിയിൽ മാന്നാർ പഞ്ചായത്തിലെ കുരട്ടിശ്ശേരി പുഞ്ചയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് 80 ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചിട്ടുള്ളത്. അടുത്ത കൃഷിക്കായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങേണ്ട സമയം എത്തിയിട്ടും തുക ലഭിച്ചിട്ടില്ല.
കുരട്ടിശ്ശേരി പുഞ്ചയിൽ ഏറ്റവും കൂടുതൽ കൃഷി നാശം സംഭവിച്ച നാലുതൊട് പാടശേഖരത്തിൽ വേനൽ മഴയും വെള്ളപ്പൊക്കവും എത്തിയതോടെ കൊയ്യാൻ കഴിയാതെ 252 ഏക്കറോളം വരുന്ന നെല്ല് വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. 50 ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി ഇവർക്ക് ലഭിക്കാനുണ്ട്. ഏക്കറിന് 100 രൂപ നിരക്കിൽ ഇൻഷ്വറൻസ് പരിരക്ഷ എടുത്തെങ്കിലും ഈ തുകയും ലഭ്യമായിട്ടില്ല. എത്രയും പെട്ടെന്ന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം