മാവേലിക്കര: റിസർവേഷൻ ടിക്കറ്റ് ഉണ്ടായിട്ടും യാത്ര മുടങ്ങിയതിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റയിൽവേ ബോർഡ് ചെയർമാൻ ഉൾപ്പടെയുള്ളവരെ എതിർ കക്ഷികളാക്കി വള്ളികുന്നം സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച കേസ് 2000 രൂപ ചെലവുൾപ്പടെ തള്ളി. ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറം പ്രസിഡന്റ് എസ്.സന്തോഷ് കുമാർ, അംഗം പി.ആർ ഷോളി എന്നിവരാണ് ഹർജി തള്ളി റയിൽവേയ്ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.

2019 ഒക്ടോബർ 20ന് ഗുഹാവതി എക്‌സ്‌പ്രസിൽ പാലക്കാട്ടു നിന്ന് വിജയവാഡയിലേക്ക് യാത്ര ചെയ്യാൻ അഭിഭാഷകനും സുഹൃത്തുക്കളും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്തിരുന്നു. എന്നാൽ ട്രെയിനിന്റെ വാതിൽ ഭാഗത്തെ അനിയന്ത്രിതമായ തിരക്ക് കാരണം കയറാനായില്ല. മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യേണ്ടി വന്നതിനാൽ ഉറക്കം പോലും നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. ടിക്കറ്റ് റിസർവ്വ് ചെയ്ത വ്യക്തി തനിക്കനുവദിച്ച സീറ്റിൽ യാത്ര ചെയ്യാൻ ബാദ്ധ്യസ്ഥനാന്നെന്നും കയറാതിരിക്കുന്നതിന്റെ കാരണം എന്തായാലും ഉത്തരവാദി റയിൽവേ അല്ലെന്നുമുള്ള റെയിൽവേ അഭിഭാഷകൻ അനിൽ വിളയിലിന്റെ വാദം അംഗീകരിച്ചാണ് വിധി ഉണ്ടായത്.