കുട്ടനാട്: വിത ആരംഭിക്കാൻ പാകത്തിൽ പുഞ്ചക്കൃഷിക്കുള്ള ഒരുക്കങ്ങൾ നടത്തിവന്ന കുട്ടനാട്ടിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നും 1000 ഏക്കർ വരുന്നതുമായ തെക്കേ തൊള്ളായിരം പാടത്ത് മടവീണു. പാടശേഖരത്തിന്റെ തെക്ക് വശത്തായി പഴുതിചിറയുടെയും കോലങ്കരി മോട്ടോർ തറയുടെയും മദ്ധ്യേയുള്ള ബണ്ട് വെള്ളത്തിന്റെ സമ്മർദ്ദം താങ്ങാനാകാതെ മൂന്ന് മീറ്ററോളം തകർന്നതിനെത്തുടർന്നായിരുന്നു മടവീഴ്ച. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം.
നേരം പുലർന്നതോടെ കർഷകരും നാട്ടുകാരും ചേർന്ന് വെള്ളം തടയാനായി മണിക്കൂറുകൾ നീണ്ട ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
കഴിഞ്ഞ തവണ കൃഷി ഇറക്കുന്നതിന് മുമ്പ് ഇതേപോലെ ബണ്ട് തകർന്നത് വേനൽ മഴയിൽ വിളവ് മൊത്തത്തിൽ നശിക്കാൻ ഇടയാക്കിയിരുന്നു. ഈ വർഷവും സമാന അനുവം ആവർത്തിക്കുമൊ എന്ന ആശങ്കയിലാണ് കർഷകർ
പാടശേഖരത്തിൽ ആകെ 10 മോട്ടർതറകളാണുള്ളത്. ഇതെല്ലാം ഒന്നരമാസമായി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പ്രവർത്തിപ്പിച്ചാണ് വെള്ളം വറ്റിക്കാനും കളയ്ക്ക് കിളിപ്പിക്കുവാനും സാധിച്ചത്. മടവീണതോടെ വീണ്ടും വെള്ളം വറ്റിക്കാൻ മാത്രമായി ഒരു മാസത്തിലേറെ വേണ്ടിവരും അപ്പോഴേക്കും പുഞ്ചകൃഷി ഇറക്കാനുള്ള സമയം അതിക്രമിക്കും. അതിനാൽ ഇവിടെ ഇത്തവണ പുഞ്ചക്കൃഷിയും തുലാസിലായ അവസ്ഥയാണ്.
.