മാരാരിക്കുളം:മാതാവിനോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത മക്കളെ പഞ്ചായത്ത് അംഗം മർദ്ദിച്ചതായി പരാതി. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ സി.പി.എം ജനപ്രതിനിധി ജോസ് സിംസണിനെതിരായാണ് വീട്ടമ്മയും നാലും ഒൻപതും ക്ലാസുകളിലെ വിദ്യാർത്ഥികളും മണ്ണഞ്ചേരി പൊലീസിന് മൊഴി നൽകിയത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെ പൊള്ളെത്തെ ഹൈസ്‌കൂളിന് സമീപമായിരുന്നു സംഭവം. അമ്മയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത ഒൻപതാം ക്ലാസുകാരനെ ജോസ് സിംസൺ കൈവീശി കഴുത്തിന് അടിക്കുകയും ബഹളത്തിനിടയിൽ ഇളയക്കുട്ടിയുടെ കണ്ണിൽ ക്ഷതമേൽക്കുകയും ചെയ്തതായി ആശുപത്രി രേഖയിൽ സൂചിപ്പിക്കുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് സി.പി.ഐ വനിതാ നേതാവിന്റെ വീട്ടിൽ അതിക്രമിച്ച് കടന്ന് അപമാനിക്കാൻ ശ്രമിക്കുകയും അക്രമിക്കുകയും ചെയ്ത സംഭവത്തിൽ ജോസ് സിംസൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവി രാജി വച്ചിരുന്നു.
ആ കുടുംബത്തിലെ വീട്ടമ്മയോടെയാണ് ജോസ് സിംസൺ അപമര്യാതയായി ഇന്നലെ പെരുമാറിയത്. പഴയ സംഭവത്തിൽ ജാമ്യത്തിൽ നിൽക്കുമ്പോഴാണ് വീണ്ടും ജോസ് സിംസണിനെതിരെ പരാതി ഉയരുന്നത്.