# ഫുട്ബാൾ ആരവത്തിൽ ആലപ്പുഴയും
ആലപ്പുഴ: ഫുട്ബാൾ ലോകക്കപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, ആവേശം കട്ടൗട്ടുകളായി ആലപ്പുഴയിലും കളം നിറയുന്നു. പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റെണാൾഡോയുടെ കട്ടൗട്ടാണ് നഗരത്തിൽ ആദ്യം ഉയർന്നത്.
കോഴിക്കോട് പുള്ളാവൂർ ചെറുപുഴയിൽ സ്ഥാപിച്ച, ഫുട്ബാൾ താരങ്ങളുടെ കട്ടൗട്ടുകൾ ശ്രദ്ധ നേടിയതോടെയാണ് കൂറ്റൻ കട്ടൗട്ടുകളുടെ ട്രെൻഡിന് തുടക്കമായത്. കൂടുതൽ ആരാധകർ ഇഷ്ടതാരങ്ങളുടെ കട്ടൗട്ടിന് സമീപിച്ച് തുടങ്ങിയതോടെ പ്രിന്റിംഗ് യൂണിറ്റുകളിലും കാൽപ്പന്ത് കളിക്കാലം തിരക്കിന്റെ സീസണാവുകയാണ്. ഇരുമ്പിലും, തടി ബോർഡിലുമാണ് തുണിയിൽ പ്രിന്റെടുക്കുന്ന കട്ടൗട്ടുകൾ സ്ഥാപിക്കുന്നത്. അന്യ ജില്ലകളിൽ നിന്ന് പോലും ആരാധക സംഘങ്ങൾ ഓർഡറുകൾ നൽകാൻ വിളിക്കുന്നതായി നഗരത്തിലെ പ്രിന്റിംഗ് സ്ഥാപനമായ സൂര്യ സൈൻസ് ഉടമ വാഹിദ് പറഞ്ഞു.
# ഏറെയുണ്ട് പണി
തുണിയിലെടുക്കുന്ന പ്രിന്റൗട്ട് ബോർഡിൽ ഒട്ടിച്ച്, ഷേപ്പിൽ മുറിച്ചടുത്ത്, പുറകിൽ ഇരുമ്പോ തടിയോ സ്ഥാപിച്ചാണ് കട്ടൗട്ടുകൾ തയ്യാറാക്കുന്നത്. 30 അടി മുതൽ ഉയരമുള്ളവയ്ക്കാണ് ഓർഡർ ലഭിക്കുന്നതെന്നതിനാൽ, പ്രിന്റെടുത്ത തുണിയും മറ്റ് സാധന സാമഗ്രികളുമായി അതത് സ്ഥലങ്ങളിലെത്തി കട്ടൗട്ട് തയ്യാറാക്കുകയാണ് പ്രിന്റിംഗ് സ്ഥാപനങ്ങൾ ചെയ്യുന്നത്.
# ഡിമാൻഡ് മെസിക്ക്
പ്രിന്റിംഗ് സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ ഓർഡറുകൾ ലഭിച്ചുതുടങ്ങിയത് മെസിയുടെ കട്ടൗട്ടിന് വേണ്ടിയാണ്. തൊട്ടുപിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറുമുണ്ട്. മത്സരം ആരംഭിക്കാൻ പത്തിലധികം ദിവസങ്ങൾ ശേഷിക്കുന്നതിനാൽ കൂടുതൽ ആരാധകർ കട്ടൗട്ടുകളുമായി രംഗത്തെത്തും. നഗരത്തിൽ കനാൽ വാർഡിലാണ് ആദ്യ കട്ടൗട്ട് സ്ഥാപിച്ചത്.
.......................
# നിരക്ക്
30 അടി നീളവും 10 അടി വീതിയുമുള്ള കട്ടൗട്ടിന് 28,000 രൂപ മുതൽ ഈടാക്കും
.......................
കട്ടൗട്ടുകൾ സ്ഥാപിക്കാൻ കൂടുതൽ പേർ സമീപിക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ നിന്നുപോലും ഓർഡറുകളുണ്ട്. കൂറ്റൻ കട്ടൗട്ട് ആയതിനാൽ പ്രിന്റിംഗ് ഒഴികെയുള്ള ജോലികൾ അതത് സ്ഥലത്ത് എത്തിയാണ് പൂർത്തിയാക്കുന്നത്
എ.വാഹിദ്, സൂര്യ സൈൻസ് പ്രിന്റിംഗ്, ആലപ്പുഴ