ആലപ്പുഴ: കുട്ടനാട്ടിൽ നിന്നു സംഭരിച്ച നെല്ലിന്റെ വില ഒരുമാസം പിന്നിട്ടിട്ടും കർഷകർക്ക് നൽകാൻ തയ്യാറാകാത്ത സപ്ലൈകോ നിലപാട് പ്രതിഷേധാർഹമാണെന്ന് കിസാൻ ജനത സംസ്ഥാന പ്രസിഡന്റ് സി.കെ.ദാമോദരനും ജനറൽ സെക്രട്ടറി പി.ജെ.കുര്യനും പറഞ്ഞു. വില നൽകാൻ വൈകുന്നതുമൂലം അടുത്ത കൃഷിക്ക് നിലം ഒരുക്കാനും കർഷകരുടെ മറ്റ് ആവശ്യങ്ങൾ നിറവേറ്റാനും കഴിയുന്നില്ല. കൃഷിയുടെ താളവും തെറ്റിക്കും. കുട്ടനാട്ടിൽ വേലിയേറ്റം മൂലം മടവീഴ്ച ഉണ്ടായ പാടശേഖരങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. ഈ പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്താനായി 18 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത് നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.