mataveezhcha
മാന്നാർ നാലുതോട് പാടശേഖരത്തിൽ മടവീണ് വെള്ളം കയറുന്നു

മാന്നാർ: മാന്നാർ കൃഷി ഭവന് കീഴിലുള്ള കുരട്ടിശ്ശേരി പാടശേഖരത്തിലെ പൊതുവൂർ പടിഞ്ഞാറ് വട്ടപ്പട്ടാരി ബണ്ടിൽ കോടിനാരി എൻജി​ൻതറയ്ക്ക് കിഴക്കുവശം നാല്പതടിയോളം നീളത്തി​ൽ മടവീണു. ഇന്നലെ രാവിലെ ആറുമണിയോടെയാണ് സംഭവം. പാടശേഖര സമിതിയുടെ നേതൃത്വത്തിൽ മടകെട്ടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അച്ചൻകോവിലാറിന്റെ കൈവഴിയായ വേഴത്താർ തോട്ടിൽ നിന്നുള്ള വെള്ളത്തിന്റെ വരവ് കൂടി​യതി​നാൽ പിന്തിരിയുകയായിരുന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്‌നകുമാരി, വൈസ്‌പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, കൃഷി ഓഫീസർ പി​.സി​. ഹരികുമാർ, അസി.കൃഷി ഓഫീസർമാരായ എസ്. അമൃതലിപി, ഡി​.ടി​. വിനി ദാസ് തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ, കൃഷി അസി.എക്സിക്യുട്ടീവ് ഓഫീസർ, ചെങ്ങന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എന്നിവർക്ക് മാന്നാർ കൃഷി ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചു

മോട്ടോർ ഉപയോഗിച്ച് വെള്ളം പൂർണ്ണമായും പറ്റിച്ച പാടശേഖരത്തിലേക്കാണ് മടവീഴ്ചയി​ലൂടെ വെള്ളം കയറിയത്. ഇന്നലെ പാടത്ത് ട്രാക്ടർ ഇറക്കി കൃഷിയൊരുക്കത്തിന് തുടക്കം കുറിച്ച് ഡിസംബർ ആദ്യത്തോടെ വിതയ്ക്കാമെന്നായിരുന്നു കർഷകരുടെ കണക്കുകൂട്ടൽ. മടവീഴ്ചയോടെ വീണ്ടും ആദ്യം മുതൽ വെള്ളം പമ്പ്ചെയ്ത് നീക്കണം. ഇതി​ന് ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നതി​നാൽ, നി​ലവി​ൽ കടക്കെണിയിലായ കർഷകർക്ക് കൂടുതൽ സാമ്പത്തിക ബാദ്ധ്യതയുണ്ടാവും.

രണ്ട് മോട്ടോർ ഷെഡാണ് നാലുതോട് പാടശേഖരത്തിലുള്ളത്. ഒന്നിൽ മാത്രമേ വൈദ്യുതി​ കണക്ഷനുള്ളൂ. ഒരുമാസത്തിലേറെയായി അപേക്ഷ നൽകിയിട്ടും രണ്ടാമത്തെ മോട്ടോർഷെഡിൽ വെദ്യുതി​ എത്തി​ക്കാനുള്ള നടപടികൾ കൈക്കൊണ്ടിട്ടില്ല. രണ്ടുമോട്ടോറുകളും പ്രവർത്തിപ്പിച്ച് വളരെവേഗം വെള്ളം പമ്പ്ചെയ്ത് നീക്കം ചെയ്താൽ മാത്രമേ ഫലമുണ്ടാവൂ. തുലാമഴ ശക്തമായതോടെ കൃഷി എന്ന് തുടങ്ങാൻ കഴിയുമെന്ന് പറയാനാവാത്ത അവസ്ഥയാണ്.