മാവേലിക്കര: കായംകുളം - മാന്നാർ, മാവേലിക്കര - ഹരിപ്പാട് റോഡുകൾ ഒന്നിക്കുന്ന തട്ടാരമ്പലം ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് പ്രവർത്തന രഹിതമായിട്ട് ഒരു മാസം. ഇത് നന്നാക്കുന്നതു സംബന്ധിച്ച അവ്യക്തത തുടരുമ്പോൾ അപകടങ്ങളും പതിവാകുന്നു. സിഗ്നൽ ലൈറ്റ് ഇല്ലാതായതോടെ വാഹനങ്ങൾ തോന്നും പോലെ തലങ്ങും വിലങ്ങും പായുകയാണ്. മുമ്പ് സിഗ്നൽ തകരാറിലായാൽ ഹോം ഗാർഡിന്റെ സേവനം ലഭിക്കുമായിരുന്നു. ഇപ്പോൾ അതും ഇല്ല.
അന്നും അപകടങ്ങളേറെ
സിഗ്നൽ ലൈറ്റ് ഉള്ളപ്പോഴും ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ് തട്ടാരമ്പലത്ത്. ലൈറ്റ് പ്രവർത്തന രഹിതമായതോടെ ഇത് ഇരട്ടിയായി. ഈ നാൽക്കവലയിൽ ആദ്യമായി എത്തുന്നവർക്ക് എങ്ങോട്ട് തിരിയണം എന്നു പോലും ആശയക്കുഴപ്പമുണ്ടാവും. റോഡിന്റെ വീതിക്കുറവാണ് തട്ടാരമ്പലത്തിലെ ആദ്യ പ്രശ്നം. സിഗ്നൽ ലൈറ്റ് പ്രവർത്തിക്കുന്ന സമയത്തും ഇതേ കാരണത്താൽ ഇവിടെ ഗതാഗതക്കുരുക്ക് പതിവായിരുന്നു. ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് ആണ് കുരുക്കിന്റെ പ്രധാന കാരണം. അപകടം ഉണ്ടാകുമ്പോൾ താത്കാലികമായി ബസുകൾ മുന്നോട്ടു നീക്കി നിറുത്തുന്നതൊഴിച്ചാൽ സ്ഥിരം നടപടിയില്ല.
സ്ഥിരമായി ജംഗ്ഷനിലുടെ യാത്രചെയ്യുന്നയാളാണ് ഞാൻ. സിഗ്നൽ പ്രവർത്തന രഹിതമായതോടെ ഈ റോഡിലൂടെ പോകാൻ ഭയമാണ്. ഏത് ദിശയിൽ നിന്നാണ് വാഹനം വരുന്നതെന്ന് അറിയാനാവില്ല. റോഡ് പകുതി കടക്കുമ്പോഴാണ് സൈഡിൽ നിന്ന് വാഹനങ്ങൾ കയറി വരുന്നത്. ഇരുചക്ര വാഹനങ്ങളിൽ പോകുന്ന സ്ത്രീകളാണ് ട്രാഫിക് ലൈറ്റ് തെളിയാത്തതിൽ ഏറെ ബുദ്ധിമുട്ടുന്നത്
ആശ എസ്.പിള്ള