കായംകുളം: കായംകുളം നഗരസഭ ശതാബ്ദി ആഘോഷത്തിന് തുടക്കമായി. ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണ വിഷയത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ഗുരുതര വീഴ്ചയാണ് വരുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

ആവശ്യത്തിന് ഫണ്ട് ലഭ്യമായിട്ടും പദ്ധതികൾ ഏറ്റെടുക്കുന്നതിൽ വീഴ്ച വരുത്തുന്നു. വോട്ട്, രാഷ്ട്രീയ ലക്ഷ്യങ്ങളാണ് നിർമാർജ്ജന പദ്ധതികൾ അട്ടിമറിക്കപ്പെടുന്നതിന് കാരണം. സംസ്കരണ പദ്ധതികൾക്കെതിരെ രംഗത്ത് വരുന്നവർ കൊടും ദ്രോഹമാണ് സമൂഹത്തോട് ചെയ്യുന്നത്. മനുഷ്യ വിസർജ്യം സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ ഗുരുതര സാഹചര്യത്തിലേക്കാണ് നാടിനെ തള്ളിവിടുന്നത്. ഇങ്ങനെ പോയാൽ വൻ ദുരന്തത്തെ നേരിടേണ്ടി വരും.

പൊതു ജലാശയങ്ങളിൽ കോളിഫോം ബാക്ടീരിയയുടെ അളവ് 82ഉം വീടുകളിലെ കുടിവെള്ള സ്രോതസുകളിൽ 78 ശതമാനമായി ഉയർന്നിരിക്കുന്നു. ഇതിന് പരിഹാരം കാണുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും മന്ത്രി പറഞ്ഞു. യു. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി ലോഗോ പ്രകാശനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ പി. ശശികല, മുൻ എം.എൽ.എ സി.കെ. സദാശിവൻ, വൈസ് ചെയർമാൻ ജെ.ആദർശ് തുടങ്ങിയവർ സംസാരിച്ചു.