അമ്പലപ്പുഴ: അമ്പലപ്പുഴയിലെ ഒരു വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി നൽകിയ മിഠായി കഴിച്ച അഞ്ചാം ക്ലാസുകാരിയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ കടയിൽ നിന്നു വാങ്ങിയ മിഠായി ആണ് വിദ്യാർത്ഥിനിക്ക് നൽകിയത്.
തലവേദന, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ട കുട്ടിയെ മെഡി. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി ഡിസ്ചാർജ് ചെയ്തെങ്കിലും വീട്ടിലെത്തിയപ്പോൾ കണ്ണിന് നിറം മാറ്റവും നീരും ഉണ്ടായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്‌കുൾ അധികൃതർ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു. ലഹരി കലർന്ന മിഠായി ആയിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. കുട്ടികളെ വലയിലാക്കാൻ ലഹരി കലർന്ന മിഠായികൾ വ്യാപകമാകുന്നുവെന്ന പരാതിയുണ്ട്.