 
മാന്നാർ: ബുധനൂർ എണ്ണയ്ക്കാട് കള്ള് ഷാപ്പിൽ നടന്ന സംഘർഷത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ബുധനൂർ തയ്യൂർ സുരാജ് ഭവനിൽ സുരേഷിനാണ് (40) തലയ്ക്ക് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബുധനൂർ എണ്ണയ്ക്കാട് പെരിങ്ങാട് ശ്രീ വിലാസത്തിൽ അനന്ദു (21), എണ്ണയ്ക്കാട് നെടിയത്ത് കിഴക്കെതിൽ നന്ദു സുധൻ (22), എണ്ണയ്ക്കാട് വടക്ക് കൊക്കാലയിൽ വീട്ടിൽ വിശാഖ് (27) എന്നിവരാണ് പിടിയിലായത്. ഒരാൾ ഒളിവിലാണ്. പ്രതികൾക്ക് നൽകിയ കള്ള് കുപ്പി അബദ്ധത്തിൽ സുരേഷ് എടുത്തതാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇഷ്ടിക കൊണ്ടും കള്ള് കുപ്പി കൊണ്ടും തലക്ക് അടിയേറ്റ സുരേഷ് ആലപ്പുഴ മെഡി. ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ, എസ്.ഐമാരായ അഭിരാം, ജോൺ തോമസ്, ജി.എസ്.ഐ സജികുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ദിക്ക് ഉൾ അക്ബർ, സുനിൽ കുമാർ, സുധി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.