 
മുഹമ്മ: ദേശീയപാതയിൽ കഞ്ഞിക്കുഴി ചന്തയ്ക്കു സമീപം നാല് തലമുറകൾക്ക് അന്നം വിളമ്പിയ നാഷണൽ ഹോട്ടൽ ആൻഡ് ടീ ഷോപ്പ് ഇനി ഓർമ്മ. ദേശീയപാത വികസനത്തിന്റെ ഭാഗമായി ദിവസങ്ങൾക്കകം കട പൊളിച്ചുമാറ്റും.
അഞ്ചലോട്ടക്കാരനും പോസ്റ്റുമാനും ഈ കടയിലിരുന്ന് ചൂടു ചായ നുകർന്ന് ക്ഷീണമകറ്റിയിട്ടുണ്ട്. മണ്ണെണ്ണ വിളക്കും റാന്തലും പെട്രോൾമാക്സും വൈദ്യുതവിളക്കും കടയിലെ ഇരുളകറ്റി ചരിത്രത്തെ അടയാളപ്പെടുത്തി. പഴമയുടെ നന്മയുമായാണ് കട ഇന്നും നിലനിന്നിരുന്നത്.
75 വർഷം മുമ്പാണ് കടയുടമ കെ.കെ. രാജയുടെ ബാപ്പ കണിച്ചുകുളങ്ങര സ്വദേശി കെ.വി. കുഞ്ഞുമുഹമ്മദ് കഞ്ഞിക്കുഴിയിലെത്തി കട തുടങ്ങിയത്. അന്ന് കഞ്ഞിക്കുഴി ചന്തയുടെ പ്രതാപകാലമായിരുന്നു. ചുമട്ടുതൊഴിലാളികളും മത്സ്യത്തൊഴിലാളികളും കയർ, കർഷക തൊഴിലാളികളും ചന്തയിൽ നിറഞ്ഞു നിന്ന കാലം. അവർക്ക് തൃപ്തിയേകുന്ന ഭക്ഷണം നൽകിയിരുന്നതിനാൽ കച്ചവടം പൊടിപൊടിച്ചു. ചക്ക വൽസൻ ,പരിപ്പുവട, ഗോതമ്പുണ്ട, ഉണ്ണിയപ്പം, നെയ്യപ്പം തുടങ്ങിയ എണ്ണ പലഹാരങ്ങളും പുട്ടും അപ്പവും ദോശയും കപ്പയും കറികളും ഉച്ചയൂണും ഉപഭോക്താക്കളുടെ മനം കവർന്നു. അങ്ങനെ കുഞ്ഞുമുഹമ്മദിന്റെ ഹോട്ടലിന്റെ രുചിപ്പെരുമ നടാകെ പരന്നു. കച്ചവടം തിളങ്ങി നിന്ന ഘട്ടത്തിലാണ് എസ്.എൽ പുരം ടെലിഫോൺ എക്‌സ്‌ചേഞ്ചിനായി കട മാറിക്കൊടുത്തത്. 50 വർഷം മുമ്പാണ് ഇന്നു കാണുന്ന സ്ഥലത്ത് കട ആരംഭിച്ചത്.
തന്റെ കുടുംബത്തിന്റെ ജീവിതത്തിന് നിറം പകർന്ന ചായക്കട എങ്ങനെയെങ്കിലും മന്നോട്ടു കൊണ്ടുപോകണമെന്നു തന്നെയാണ് രാജയുടെ ആഗ്രഹം. കഞ്ഞിക്കുഴി സ്‌കൂൾ, പോസ്റ്റ് ഓഫീസ്, ചന്ത എന്നിവയ്ക്ക് സ്ഥലം നൽകുകയും തുടങ്ങാൻ മുൻകൈ എടുക്കുകയും ചെയ്തത് ജന്മി പരേതനായ ശ്രീനിവാസ മല്ലനാണ്.