തുറവൂർ: ദേശീയ പാതയിൽ തുറവൂർ പുത്തൻ ചന്തയിൽ പ്രാദേശിക കേന്ദ്രത്തിന് സമീപം റോഡരികിൽ നിൽക്കുകയായിരുന്ന 5 വിദ്യാർത്ഥിനികളെ നിയന്ത്രണം തെറ്റിയ കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഡ്രൈവറടക്കം 6 പേർക്ക് പരിക്കേറ്റു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിലെ സംസ്കൃതം പി.ജി. അവസാന വർഷ സെമസ്റ്റർ വിദ്യാർത്ഥികളായ എരമല്ലൂർ സ്വദേശിനി വിഷ്ണുപ്രിയ, വളമംഗലം സ്വദേശിനി നിഖിത, മുഹമ്മ സ്വദേശിനികളായ നന്ദന, അശ്വതി, തുറവൂർ സ്വദേശിനി നവമി എന്നിവർക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്.
കാലുകൾ ഒടിയുകയും നട്ടെല്ലിന് ഗുരുതര പരിക്കേൽക്കുകയും ചെയ്ത നന്ദനയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും നവമി ഒഴികെ മറ്റ് വിദ്യാർത്ഥിനികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെയും കാലുകൾ ഒടിഞ്ഞിട്ടുണ്ട്. നിസാരപരിക്കേറ്റ നവമിയെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.25 നായിരുന്നു അപകടം. റോഡിന്റെ കിഴക്കുഭാഗത്ത് റോഡരികിൽ കൂട്ടമായി നിന്ന വിദ്യാർത്ഥിനികളുടെ ഇടയിലേക്ക് ചേർത്തല ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം തെറ്റി പാഞ്ഞു കയറുകയായിരുന്നു. തുർന്ന് കാർ റോഡിൽ നിന്ന് പാതയോ രത്തെ താഴ്ചയിലേക്ക് നീങ്ങി സമീപത്തെ വീടിനു മുന്നിലാണ് നിന്നത്. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അരൂർ സ്വദേശിയുടെതാണ് അപകടത്തിനിടയാക്കിയ കാർ എന്ന് കുത്തിയതോട് പൊലീസ് അറിയിച്ചു.