ഹരിപ്പാട്: മുതുകുളം, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തുകളിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുതുകുളം നാലാംവാർഡിലെ വോട്ടെടുപ്പ് ഏഴു മുതൽ വൈകിട്ട് ആറു വരെ മുതുകുളം ബുദ്ധ സെൻട്രൽ സ്‌കൂളിലാണ്. ഇവിടെ രണ്ട് ബുത്തുകളാണ് സജ്ജീരിച്ചിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ പത്തിന് ഗ്രാമപ്പഞ്ചായത്ത് ഹാളിലാണ് വോട്ടെണ്ണൽ. പാർട്ടി നേതൃത്വവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ബി.ജെ.പി അംഗം ജി.എസ്. ബൈജു രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം ഭരണത്തിൽ നിർണായകമാകാൻ സാദ്ധ്യതയുളളതിനാൽ വാർഡിൽ യു.ഡി.എഫും എൽ.ഡി.എഫും മൂന്നാഴ്ചയിലേറെയായി കടുത്ത പ്രചാരണമാണ് നടത്തിവന്നത്. വാർഡ് നിലനിലനിറുത്താൻ ബി.ജെ.പി.യും ശക്തമായി രംഗത്തുണ്ട്. ബി.ജെ.പിയിൽ നിന്നു രാജിവച്ച ജി.എസ്. ബൈജു യു.ഡി.എഫ്. സ്വതന്ത്രനായി ജനവിധി തേടുന്നു എന്ന പ്രത്യേകതയുമുണ്ട്. സി.പി.എമ്മിന്റെ മധുകുമാറാണ് (അയ്യപ്പൻ) എൽ.ഡി.എഫ്. സ്ഥാനാർഥി. ബി.ജെ.പി സ്ഥാനാർത്ഥി ജയേഷ് ജനാർദ്ദനനാണ്.
പതിനഞ്ചംഗ പഞ്ചായത്ത് ഭരണസമിതിയിൽ സി.പി.എമ്മിനും കോൺഗ്രസിനും അഞ്ച് അംഗങ്ങൾ വീതമാണുളളത്. ജി.എസ്. ബൈജു രാജിവച്ചതോടെ ബി.ജെ.പി.യുടെ അംഗബലം മൂന്നായി കുറഞ്ഞു. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ സി.പി.എമ്മാണ് ഭരണം നടത്തുന്നത്. കാർത്തികപ്പള്ളി ഗ്രാമഞ്ചായത്ത് എട്ടാം വാർഡിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കാർത്തികപ്പള്ളി കൃഷിഭവൻ കെട്ടിടത്തിലാണ് നടക്കുന്നത്. എൽ.ഡി.എഫ് അംഗം ജിമ്മി വി.കൈപ്പള്ളിക്ക് അയോഗ്യത കല്പിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പത്തിന് കാർത്തികപ്പള്ളി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വോട്ടെണ്ണൽ നടക്കും. എൽ.ഡി.എഫ് സ്ഥാനാർത്ഥി കുരുവിള കോശി, യു.ഡി.എഫ് സ്ഥാനാർത്ഥി എലിസബത്ത് അലക്സാണ്ടർ, ബി.ജെ.പി സ്ഥാനാർത്ഥി പി. ഉല്ലാസ് എന്നിവരാണ് മത്സര രംഗത്തുള്ളത്. നിലവിൽ സ്വതന്ത്രയുടെ പിന്തുണയോടെ പഞ്ചായത്ത് ഭരിക്കുന്നത് എൽ.ഡി.എഫ് ആണ്. അഞ്ച് അംഗങ്ങളും ഒരു സ്വതന്ത്രയും ഉൾപ്പെടെ ആറുപേരാണ് എൽ.ഡി.എഫിനുള്ളത്. ബി.ജെ.പിക്ക് 4, കോൺഗ്രസിന് മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. ബി.ജെ.പി വിജയിച്ചാൽ ഇരുകക്ഷികൾക്കും തുല്യ സീറ്റുകളാവും. ഇതോടെ ഭരണം നറുക്കെടുപ്പിപ്പിലേക്കു നീങ്ങും.