# ചെറുകനാലുകളുടെ നവീകരണത്തിന് 38 കോടി
ആലപ്പുഴ: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ 57 ചെറുകനാലുകളുടെ നവീകരണ ജോലികൾ പുരോഗമിക്കുന്നു. കനാൽ നവീകരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പദ്ധയിലാണ് നവീകരണം.
ഒരു വർഷം കൊണ്ട് പൂർത്തീകരിക്കുകയാണ് ലക്ഷ്യം. മഴക്കാലത്തിന് മുമ്പ് പരമാവധി കനാലുകളിലും നീരോഴുക്ക് സുഗമാക്കാനാണ് ഉദ്ദേശിക്കുന്നത്. ചെറിയ മഴ പെയ്താൽ പോലും നഗരത്തിലെ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിൽ മുങ്ങുന്നതാണ് പതിവ്. ഇതിനു പരിഹാരമെന്നോണമാണ് നവീകരണം നടപ്പാക്കുന്നത്.
ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിൽ 38 കോടിയുടെ പദ്ധതിയാണ് രണ്ടാംഘട്ടത്തിൽ നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തിൽ നവീകരിച്ച കനാലുകളുടെ ഇരു കരകളെയും സംരക്ഷിക്കാനുള്ള കൽക്കെട്ട് നിർമ്മാണം അന്തിമഘട്ടത്തിലാണ്. ആലപ്പുഴ- ചേർത്തല കനാൽ, നഗരത്തിലൂടെ ഒഴുകുന്ന കാപ്പിത്തോടിന്റെ അമ്പലപ്പുഴ വരെയുള്ള ഭാഗം എന്നിവയുടെ നവീകരണവും പദ്ധതിയുടെ ഭാഗമാണ്. രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്ന പൊളവാരൽ യന്ത്രം വാങ്ങൽ, നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ പദ്ധതി എങ്ങുമെത്തിയിട്ടില്ല.
.......................................
നഗരത്തിലെ പ്രധാന കനാലുകൾ: 9
ചെറുകനാലുകൾ: 104
നവീകരിക്കുന്ന ചെറുകനാലുകൾ: 57
......................................
# ഒന്നാം ഘട്ടം
ചെലവ്: 39 കോടി
# രണ്ടാംഘട്ടം
ചെലവ്: 38 കോടി
ഒന്നരവർഷം കൊണ്ട് പൂർത്തീകരിക്കേണ്ട രണ്ടാംഘട്ട നവീകരണം ആരംഭിച്ചു. മഴക്കാലത്തിന് മുമ്പ് പരമാവധി കനാലുകളുടെ നീരോഴുക്ക് സുഗമാക്കാനാണ് ലക്ഷ്യമിടുന്നത്
ഡെപ്യൂട്ടി ജനറൽ മാനേജർ, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ