kuzhi
കുഴി

കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് റോഡ് പൊട്ടിപൊളിഞ്ഞു

ആലപ്പുഴ: അമൃത് പദ്ധതിക്ക് വേണ്ടിയെടുത്ത കുഴി ഇന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ വലിയ ഗർത്തമായി മാറി അപകടക്കെണിയൊരുക്കുന്നു. ജീവനക്കാരടക്കം ഇരുചക്ര വാഹനങ്ങളിലെത്തുന്നവർക്ക് പലപ്പോഴും ഈ കുഴികൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ബസ് വരുന്നത് കണ്ട് വേഗത്തിൽ വഴി മാറുന്ന പല യാത്രക്കാരും കുഴിയിൽ വീണ് പരിക്കേൽക്കുന്നതും പതിവാണ്. ഇടക്കാലത്ത് പേരിന് മെറ്റിൽ ഇറക്കി കുഴി മൂടാൻ പി.ഡബ്ല്യു.ഡി ശ്രമിച്ചിരുന്നെങ്കിലും വിഫലമായി. മാസങ്ങളായി തകർന്നു കിടക്കുന്ന ഭാഗം അടുത്തിടെ മഴ ശക്തമായതോടെ കൂടുതൽ ആഴത്തിൽ തക‌ർന്നു. രാപകൽ വ്യത്യാസമില്ലാതെ നൂറ് കണക്കിന് യാത്രക്കാർ വന്ന് പോകുന്ന പ്രധാന സ്റ്റാൻഡ് ആയിരുന്നിട്ട് കൂടി പ്രശ്നപരിഹാരത്തിന് കാലതാമസമുണ്ടാകുന്നതായി സ്ഥിരം യാത്രക്കാരും വ്യാപാരികളും പരാതിപ്പെടുന്നു. രാത്രി സമയത്താണ് അപകടസാധ്യത ഉയരുന്നത്. കുഴി ശ്രദ്ധിക്കാതെ നടന്ന് വരുന്ന പലരും തട്ടി മറിഞ്ഞ് വീഴാറുണ്ട്.

പരിഹാരം ഉടനെന്ന് പ്രതീക്ഷ

നഗരസഭയുടെ അധീനതയിലുള്ള റോഡല്ലാതിരുന്നിട്ടും, പ്രശ്നപരിഹാരം തേടി നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് പൊതുമരാമത്ത് വകുപ്പ് അധികൃതരെ ബന്ധപ്പെട്ടിരുന്നു. കുഴി താൽക്കാലികമായി മെറ്റലിട്ട് മൂടിയെങ്കിലും അപകട സാധ്യത ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റോഡ് പണിക്കുള്ള ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണെന്നും, അധികം വൈകാതെ നിർമ്മാണം ആരംഭിക്കുമെന്നുമാണ് അധികൃതർ നൽകുന്ന മറുപടി.

വിദേശ - ആഭ്യന്തര സഞ്ചാരികളടക്കം ഏറ്റവും കൂടുതൽ യാത്രക്കാർ വന്നുപോകുന്ന സ്ഥലമാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്. എന്നിട്ടും മാസങ്ങളായി മുൻവശത്തെ റോഡ് തകർന്ന് തരിപ്പണമായി കിടക്കുകയാണ്

കെ.എസ്.ആർ.ടി.സി ജീവനക്കാർ

കെ.എസ്.ആർ.ടി.സിക്ക് മുൻവശത്തെ റോഡ് നിർമ്മാണത്തിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. കാലതാമസമില്ലാതെ നിർമ്മാണം ആരംഭിക്കും

എക്സിക്യൂട്ടിവ് എൻജിനീയർ, പൊതുമരാമത്ത് വിഭാഗം