ആലപ്പുഴ: പണം നൽകാതെ പദ്ധതികൾ പ്രഖ്യാപിച്ച് അദ്ധ്യാപകരെ ദ്രോഹിക്കുകയാണെന്ന് ആരോപിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് 19ന് മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ചിന്റെ പ്രചാരണാർത്ഥം എല്ലാ ജില്ലകളിലും 12 മുതൽ 16 വരെ വാഹന പ്രചാരണ ജാഥ നടത്തും. ചെലവിനുള്ള തുക നൽകാതെ, 30ന് മുമ്പ് സ്കൂളുകളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കണമെന്ന നിർദ്ദേശം നടപ്പാക്കിയില്ലെങ്കിൽ നടപടിയെടുക്കുമെന്ന മന്ത്രിയുടെ പ്രസ്താവന തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.ഡി.അജിമോൻ, പി.ബി.ജോസി, കെ.എൻ.അശോക് കുമാർ, സോണി പവേലിൽ, ജോൺ ബ്രിട്ടൊ എന്നിവരും പങ്കെടുത്തു.

# സ്വദേശ് മെഗാ ക്വിസ്

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സ്വദേശ് മെഗാ ക്വിസ് മത്സരം 12ന് ആലപ്പുഴയിൽ നടക്കും. ലിയോതേർട്ടീന്ത് സ്കൂളിൽ നടക്കുന്ന മത്സരത്തിൽ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ നിന്ന് ജില്ലാതലത്തിൽ വിജയികളായവർ പങ്കെടുക്കും. സാഹിത്യകാരൻ കല്പറ്റ നാരായണൻ, കവി വയലാർ ശരത്ചന്ദ്രവർമ്മ, ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ്, ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ക്രിസ്റ്റഫർ അർത്തുശ്ശേരി എന്നിവർ മുഖ്യാഥിതികളാവും.