തൃപ്പൂണിത്തുറ: പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി, അരൂർ എന്നീ തീരദേശ ഗ്രാമപഞ്ചായത്തുകളിലെ യാത്രാദുരിതം പരിഗണിച്ച് ഇവിടങ്ങളിലേക്കും ജലമെട്രോ സർവീസ് ആരംഭിക്കണമെന്ന ആവശ്യമുയരുന്നു. തൊഴിലിനും വിദ്യാഭ്യാസത്തിനുമായി ഈ മേഖലയിലുള്ളവർ കൊച്ചി നഗരത്തെയാണ് മുഖ്യമായും ആശ്രയിക്കുന്നത്.
അരൂർ, അരൂക്കുറ്റി പാലം വന്നതോടെ ഈ റൂട്ടിൽ ബോട്ട് സർവീസ് ഇല്ലാതായതും പ്രശ്നമായി. ജലഗതാഗത വകുപ്പിന്റെ സംസ്ഥാനത്തെ ഏറ്റവും ലാഭകരമായ സർവീസായിരുന്ന പെരുമ്പളം -എറണാകുളം ബോട്ട് പോലും ഇപ്പോൾ റൂട്ടിലില്ല. അരൂക്കുറ്റി- പെരുമ്പളം സർവീസായി അത് നില നിർത്തണമെന്ന നാട്ടുകാരുടെ ആവശ്യവും നിരാകരിക്കപ്പെട്ടിരുന്നു.
നാൽപ്പതിലധികം പ്രൈവറ്റ് ബോട്ടുകൾ സർവീസ് നടത്തിയിരുന്ന പ്രധാന ബോട്ട് ജെട്ടിയാണ് അരൂക്കുറ്റി. ജെട്ടി പുതുക്കിപ്പണിതെങ്കിലും ഇതുവഴി ഒരു ബോട്ട് പോലും സർവീസ് നടത്തുന്നില്ല. അരൂക്കുറ്റി, പൂച്ചാക്കൽ ഭാഗങ്ങളിലെ യാത്രക്കാർ കുണ്ടന്നൂർ വൈറ്റില വഴി കിലോമീറ്ററുകൾ സഞ്ചരിച്ചാൽ മാത്രമേ എറണാകുളം നഗരത്തിലെത്തിച്ചേരുള്ളൂ.
കാക്കനാട് നിന്ന് അരൂക്കുറ്റിയിലേക്ക് ജല മെട്രോ വന്നാൽ തീരദേശ വാസികൾക്ക് വലിയ അനുഗ്രഹമാകും. എറണാകുളത്തു നിന്ന് കുമ്പളം, പനങ്ങാട്, അരൂക്കുറ്റി, പെരുമ്പളം വഴി വൈറ്റില -കാക്കനാട് വരെ സർവീസ് ദീർഘിപ്പിച്ചാൽ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. അരൂർ, കുമ്പളം എന്നീ പഞ്ചായത്തുകൾ റോഡ് മാർഗം ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും കായൽ യാത്ര അനിവാര്യമായ ഒട്ടേറെ ഉൾപ്രദേശങ്ങളുണ്ട്.
വർഷങ്ങളായി ഈ പ്രദേശങ്ങളിൽ ബോട്ടുകൾ ഓടാതിരുന്നതിനാൽ ജെട്ടികളിൽ മിക്കതിലും എക്കൽ നിറഞ്ഞിരിക്കുകയാണ്. സർവീസ് പുനരാരംഭിക്കണമെങ്കിൽ ജെട്ടിയ്ക്ക് സമീപം അടിഞ്ഞുകൂടിയ മണൽത്തിട്ട നീക്കം ചെയ്യണം. വേലിയിറക്കസമയത്ത് കായലിൽ എക്കൽ അടിഞ്ഞതിനാൽ പലപ്പോഴും സുഗമമായി ബോട്ടുകൾക്ക് ജെട്ടികളോട് അടുക്കാൻ കഴിയാറില്ല. കഴിഞ്ഞ ഒരു മാസമായി പെരുമ്പളം പഞ്ചായത്തിലെ ബോട്ട് ജെട്ടികളിലെ മണൽത്തിട്ടകൾ നീക്കം ചെയ്യുന്നുണ്ട്.
"കെ.എം.ആർ.എൽ തുടങ്ങാനിരിക്കുന്ന 70 - ഓളം ജല മെട്രോ സർവീസുകൾ ഏറെ യാത്രാ സൗകര്യങ്ങൾ ഉള്ളിടത്താണ്. തീരദേശ ഗ്രാമങ്ങളെയും സർവീസിൽ ഉൾപ്പെടുത്തിയാൽ അനുഗ്രഹമായേനെ."
കെ.ആർ. സോമനാഥൻ, പെരുമ്പളം ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ