ചേർത്തല:കോടികളുടെ വികസനപദ്ധതികൾക്ക് അംഗീകാരമാകുമ്പോഴും ഗവ.താലൂക്ക് ആശുപത്രിയിലെ പ്രശ്നങ്ങളൊഴിയുന്നില്ല.പ്രധാന ശസത്രക്രിയാമുറി തുറക്കാനാകാത്തതിനാൽ ശസ്ത്രക്രിയകൾ താത്കാലിക തിയ​റ്ററിലാണ് നടക്കുന്നത്.ഇവിടെ ഉപകരണങ്ങൾ തിളപ്പിച്ച് അണുനശീകരണം നടത്തുന്ന മെഷീൻ തകരാറിലായതിനാൽ ഒരാഴ്ചയോളം ശസ്ത്രക്രിയകൾ മുടങ്ങിയിരുന്നു.തുടർന്നാണ് തകരാറുകൾ പരിഹരിച്ചത്.നിസാരമായി പരിഹരിക്കേണ്ട അവശ്യ വിഷയങ്ങളിൽ പോലും തീരുമാനങ്ങൾ വൈകുന്നത് രോഗികൾക്കു തിരിച്ചടിയാകുന്നുണ്ട്.
ഭരണവിഭാഗത്തിൽ അടുത്തിടെ അഴിച്ചുപണി നടത്തിയെങ്കിലും ജീവനക്കാരുടെ സംഘടനകൾ ഇടഞ്ഞതിനാൽ ഇതുനടപ്പാക്കാനായിട്ടില്ല.ഇതു ജീവനക്കാർക്കിടയിൽ ആശയ കുഴപ്പുമായിരിക്കുകയാണ്.ഇതിനിടെ വ്യക്തിപരമായ അസൗകര്യങ്ങൾ ഉയർത്തി ആർ.എം.ഒയുടെ അധിക ചുമതലയുണ്ടായിരുന്ന ഡോ.പ്രവീൺ സ്ഥാനം ഒഴിഞ്ഞു.ഇതും ഭരണപരമായ പ്രതിസന്ധിയായി ഉയർന്നിട്ടുണ്ട്.വലിയ പദ്ധതികളുടെ നിർമ്മാണങ്ങൾ തുടങ്ങാനിരിക്കേ ഭരണ വിഭാഗത്തിലെ ആശയകുഴപ്പങ്ങൾ അധികൃതർക്ക് തലവേദനയായിട്ടുണ്ട്.