mohanan
കെ.മോഹനൻ

ആലപ്പുഴ: കളമശേരി നേവൽ ഡിപ്പോ ക്ലാർക്കും വിമുക്തഭടനുമായ മാവേലിക്കര പാലമേൽ ഉളവക്കാട് മിഥുനം വീട്ടിൽ കെ.മോഹനന്റെ (54) ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ദർശന ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.

മോഹനന് കുടുംബ പ്രശ്‌നങ്ങളോ വ്യക്തിപരമായ പ്രശ്‌നങ്ങളോ ഇല്ലായിരുന്നു. ഒരു മേലുദ്യോഗസ്ഥനിൽ നിന്ന് നിരന്തരം മാനസിക പീഡനം അനുഭവിച്ചിരുന്നു. ഇതിനാൽ അടുത്ത മേയിൽ ജോലിയിൽ നിന്നു പിരിഞ്ഞുപോരാനും തീരുമാനിച്ചിരുന്നതായി ദർശന പരാതിയിൽ വ്യക്തമാക്കുന്നു. മരണവിവരം അറിഞ്ഞ് ബന്ധുക്കൾ കളമശേരിയിൽ എത്തുംമുമ്പേ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശേരി മെഡി. ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. മരത്തിൽ കയറാൻ അറിയാത്ത മേഹനൻ, ഒരാൾക്ക് ഒറ്റയ്ക്കു കയറാൻ പ്രയാസമുള്ള മരത്തിൽ കയറി ജീവനൊടുക്കിയത് ദുരൂഹമാണെന്നും റീ പോസ്റ്റ്മോർട്ടം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു പൊലീസ്.

ഇന്നലെ ഉച്ചയ്ക്ക് മാവേലിക്കരയിലെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകളുടെ ഭാഗമായ കർമ്മങ്ങൾ നടക്കവേ, റീ പോസ്റ്റുമോർട്ടം നടത്താമെന്ന് പൊലീസ് അറിയിച്ചതായി ശാഖാ സെക്രട്ടറി കൂടിയായ ബി.സുധാകരൻ പറഞ്ഞു. എന്നാൽ, ക‌ർമ്മങ്ങൾ അവസാന ഘട്ടത്തിൽ എത്തിയതിനാൽ മൃതദേഹം സംസ്കകരിക്കാമെന്ന തീരുമാനത്തിൽ ബന്ധുക്കളെത്തി. ഉച്ചയ്ക്ക് 1.30 ഓടെ വീട്ടുവളപ്പിൽ സംസ്കാരം നടന്നു. മക്കൾ: മിഥുൻ മോഹൻ, അമൽ മോഹൻ