വള്ളികുന്നം: കാമ്പിശ്ശേരി - ചങ്ങൻ കുളങ്ങര റോഡിന്റെ പുനർനിർമ്മാണത്തിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് കറ്റാനം റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ കെ.യു.അഞ്ജു പറഞ്ഞു.നടപടിയ്ക്കായുള്ള നീക്കം ഉടൻ നടത്തും. റോഡിൽ അപകടങ്ങൾ പതിവായതോടെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കേരള കൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. ആലപ്പുഴ - കൊല്ലം ജില്ലകളുടെ അതിർത്തി പങ്കുവെയ്ക്കുന്ന റോഡാണിത്. കൊല്ലം തേനി ഉൾപ്പെടെ ഇരു ദേശീയ പാതയ്ക്കും അനുബന്ധമായ റോഡിനു 6 കിലോമീറ്ററോളം ദൂര പരിധിയാണ് ഉള്ളത്. വളളികുന്നത്തുകൂടിയാണു കൂടുതൽ ദൂരവും കടന്നുപോകുന്നത്. 25 വർഷം കഴിഞ്ഞിട്ടും റോഡിന്റെ നവീകരണം നടക്കാഞ്ഞതിനാൽ താറുമാറായ സ്ഥിതിയിലാണ്.നിലവിൽ റോഡ് അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കാൻ നടപടിയായെന്നു അസി.എൻജിനീയർ അറിയിച്ചു.