ആലപ്പുഴ: സംസ്ഥാന സർക്കാർ നിർദേശപ്രകാരം സംഘടിപ്പിക്കുന്ന രണ്ടാമത് ബീച്ച് ഗെയിംസ് ഡിസംബർ 17,18 തീയതികളിൽ ആലപ്പുഴ ബീച്ചിൽ നടക്കും. ഫുട്‌ബാൾ, കബഡി, വടംവലി, വോളിബാൾ മത്സരങ്ങളുണ്ടാവും.
പങ്കെടുക്കുന്ന ടീമുകളുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടന്ന യോഗം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി. ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. ഖത്തർ ഫുട്‌ബാൾ വേൾഡ് കപ്പിന്റെ പ്രചരണാർത്ഥം കേരളത്തിൽ സംഘടിപ്പിക്കുന്ന വൺ മില്യൻ ഗോൾ പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂളുകൾക്കും ക്ലബ്ബുകൾക്കും അക്കാഡമികൾക്കുമുള്ള ഫുട്‌ബാളുകൾ വിതരണം ചെയ്തു. ആലപ്പുഴയുടെ വൺ മില്യൻ ഗോൾ പ്രോഗ്രാം അംബാസിഡർ മുൻ സന്തോഷ് ട്രോഫി ടീം ക്യാപ്റ്റൻ ജീൻ ക്രിസ്റ്റിൻ ഫുട്‌ബാൾ വിതരണം ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത 71 കേന്ദ്രങ്ങളിൽ 12 വയസിന് താഴെയുള്ള നൂറ് കുട്ടികൾക്ക് വീതം 10 ദിവസം ഫുട്‌ബാൾ പരിശീലനം നൽകും. ഇങ്ങനെ പരിശീലനം ലഭിക്കുന്ന കുട്ടികളെയും മറ്റ് കുട്ടികളെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി ഓരോ കേന്ദ്രങ്ങളിലും ആയിരം ഗോളുകൾ അടിക്കും. സംസ്ഥാനമൊട്ടാകെയുള്ള ആയിരം കേന്ദ്രങ്ങളിൽ ഓരോ കേന്ദ്രത്തിലും ആയിരം ഗോളുകൾ വീതമടിച്ച് വൺ മില്യൺ ഗോൾ പദ്ധതി നടപ്പാക്കും. ജില്ലയിലെ 71 കേന്ദ്രങ്ങൾക്ക് 142 ഫുട്ബോളുകൾ വിതരണം ചെയ്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി.ജയമോഹൻ, കെ.കെ. പ്രതാപൻ, ജില്ലാ സ്‌പോർട്‌സ് ഓഫീസർ ബിജു വിശ്വപ്പൻ, സുജാത് കാസിം, ഷീജ, ബിജു, പി.കെ.രാജി മോൾ, ജെറോം എന്നിവർ പങ്കെടുത്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എൻ.പ്രദീപ്കുമാർ സ്വാഗതവും എക്‌സിക്യുട്ടീവ് അംഗമായ അഡ്വ. കുര്യൻ ജയിംസ് നന്ദിയും പറഞ്ഞു.