ആലപ്പുഴ: പത്താംതരം തുല്യതാപരീക്ഷയിൽ ജില്ലയിൽ 458 പേർ വിജയിച്ചു. 96 ശതമാനമാണ് വിജയം. അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതിയ ആർ. നിഷമോൾ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടി. പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേനാംഗമാണ് നിഷ. ചെങ്ങന്നൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതിയ പൊന്നമ്മയാണ് (75) പ്രായം കൂടിയ വിജയി. പൊന്നമ്മയ്ക്ക് മൂന്ന് വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു. ജില്ലയിൽ തുല്യതാപരീക്ഷ നടന്ന 11 സ്കൂളുകളിൽ എട്ട് സ്കൂളുകൾക്ക് നൂറ് ശതമാനമാണ് വിജയം. ഹരിപ്പാട് സ്വദേശികളായ വിനീഷും ഭാര്യ ഉഷയും ഹരിപ്പാട് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതി വിജയിച്ചു.
ആകെ ഒമ്പത് വിഷയങ്ങളിലായിരുന്നു പരീക്ഷ. 60 മാർക്ക് എഴുത്ത് പരീക്ഷയ്ക്കും 20 മാർക്ക് നിരന്തര മൂല്യ നിർണയത്തിനുമുണ്ട്. വിജയികൾ സാക്ഷരതാ മിഷന്റെ ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിന് അർഹത നേടി. വിജയികളെ ജില്ലാ സാക്ഷരതാസമിതി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അഭിനന്ദിച്ചു.