മുഹമ്മ: ആലപ്പുഴ- ചേർത്തല കനാലിന്റെ ഒട്ടുമിക്ക ഭാഗങ്ങളും കാടുകയറിയ നിലയിൽ. ആലപ്പുഴ വാടക്കനാലിൽ തുടങ്ങി ചേർത്തല കായലിൽ അവസാനിക്കുന്നതാണ് ഈ കനാൽ. 18 കിലോമീറ്ററിലധികം നീളമുണ്ട്. പല ഘട്ടങ്ങളിലായി കോടികൾ മുടക്കിയെങ്കിലും യാതൊരു പ്രയോജനവുമില്ല.
15 വർഷം മുമ്പുവരെ നല്ല തെളിഞ്ഞ ജലാശയമായിരുന്നു. കുളിക്കുന്നതിനും തുണി അലക്കാനും കൃഷികൾക്ക് നനയ്ക്കാനും കനാലിനെയാണ് പ്രദേശവാസികൾ ആശ്രയിച്ചിരുന്നത്. പക്ഷേ കാലക്രമേണ കനാൽ പോളപ്പായലും കടകലും പുല്ലും നിറഞ്ഞ് മലിനമായതോടെ ഉപയോഗശൂന്യമായി. നാടൻ മത്സ്യ ഇനങ്ങളായ കാരി, വരാൽ, ചെമ്പല്ലി, തിലോപ്പിയ, മുഷി, വാകവരാൽ തുടങ്ങിയ മത്സ്യങ്ങളും സമൃദ്ധമായിരുന്നു. കടൽക്ഷോഭം കാരണം തൊഴിൽ നഷ്ടപ്പെടുന്ന നാളുകളിൽ മത്സ്യത്തൊഴിലാളികൾ ഇവിടെ നിന്ന് മീൻപിടിച്ച് ജീവിതം പുലർത്തിയിരുന്നു. മത്സ്യങ്ങൾക്ക് ശ്വാസം പോലും കിട്ടാത്ത സാഹചര്യമായതോടെ പലതും ചത്തുപൊങ്ങുകയാണ്.
മേൽപ്പരപ്പിലൂടെ നടക്കാൻ കഴിയുംവിധമാണ് പായലും പോളയും തിങ്ങി നിറഞ്ഞിരിക്കുന്നത്. ഇതു കൂടാതെ കാശാം പുളി,അക്ക്വേഷ്യ, കൈത, പരുത്തി തുടങ്ങിയവയും കനാലിൽത്തന്നെ വളരുന്നുണ്ട്. പെരുമ്പാമ്പ് മുതൽ കീരി വരെയുള്ളവയുടെ ശല്യവും സഹിക്കാനാവാത്ത അവസ്ഥയായി.
# തുടർച്ച മറന്നു
ടൂറിസം, കനാൽ കരയിലെ കൃഷി, മത്സ്യം വളർത്തൽ, കനാൽ ശുചീകരണം എന്നിങ്ങനെ പല പേരുകളിൽ കോടികൾ ചെലവിട്ടെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ശുചീകരണം നടത്തിയ ഭാഗങ്ങളിൽ തുടർ പരിപാലനം ഉണ്ടായില്ല. ഇതിനാൽ മാസങ്ങൾ പിന്നിടുമ്പോൾ പണ്ടത്തേതിന്റെ പിന്നത്തേതാവും കാര്യങ്ങൾ. മുടക്കിയ പണം നഷ്ടമാവുന്നതാണ് ഇതുവരെയുള്ള അനുഭവം.