മുഹമ്മ: മുഹമ്മ- കുമരകം ബോട്ട് യാത്രക്കാർക്ക് ഇനി കവിത ചൊല്ലിയും കഥകൾ വായിച്ചും യാത്ര നടത്താം. ഒഴുകുന്ന പുസ്തകശാല എന്ന പേരിൽ മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ എൻ.എസ്. എസ് ആലപ്പുഴ ക്ലസ്റ്ററാണ് ബോട്ടിൽ വായനശാല ഒരുക്കിയത്.
ജലഗതാഗത വകുപ്പിന്റെ എസ് 52 നമ്പർ ബോട്ടിലാണ് മുന്നൂറോളം പുസ്തകങ്ങൾ അലമാരയിൽ സജ്ജമാക്കിയിട്ടുള്ളത്. എൻ.എസ്.എസ് വോളണ്ടിയർമാർ സമാഹരിച്ച കഥ, കവിത, നോവൽ, ജീവചരിത്രം, നാടകം, കുട്ടികൾക്കുള്ള പുസ്തകങ്ങൾ തുടങ്ങിയവയാണ് വായനയ്ക്കായി നൽകുന്നത്. സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യ മേറിയ ഫെറി സർവീസാണ് മുഹമ്മ-കുമരകം. 40 മിനിറ്റുള്ള യാത്ര. വായനക്കാരുടെ അനുഭവവും നിർദേശങ്ങളും രേഖപ്പെടുത്താൻ ബുക്കും ഉണ്ടാകും. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.ടി. റെജി അദ്ധ്യക്ഷനായി. ജില്ലാ കോ ഓർഡിനേറ്റർ അശോക് കുമാർ, ജെ. ജയലാൽ, മുഹമ്മദ് ഹനീസ്, അജയഘോഷ്, കെ.എസ്. ദാമോദരൻ, എസ്.ടി. റെജി, എൽ. അർച്ചന, കെ.എസ്. ലാലിച്ചൻ, നന്ദന എസ്.കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചെറിയ സ്വാഗതവും പ്രോഗ്രാം ഓഫീസർ എ.വി. വിനോദ് നന്ദിയും പറഞ്ഞു.