മാന്നാർ: ഖത്തറിൽ ലോകകപ്പ് ഫുടബോൾ മത്സരത്തിന്റെ പന്തുരുളാൻ പത്ത് ദിവസങ്ങൾ മാത്രം ശേഷിക്കെ മാന്നാറിൽ ആവേശം അലയടിക്കുകയാണ്. മത്സരം നേരിട്ട് കാണാൻ ഭാഗ്യമില്ലെങ്കിലും അതിന്റെ ആവേശം ഒട്ടുംകുറയ്ക്കാതെ സ്വാഗതം ചെയ്യുകയാണ് ഫുട്‍ബാൾ പ്രേമികൾ. ഇഷ്ടപ്പെടുന്ന താരങ്ങളുടെയും ടീമുകളുടെയും കൊടികൾ തൂക്കിയും ജേഴ്‌സികൾ അണിഞ്ഞും ആരാധകർ ആവേശത്തിമർപ്പിലാണ്. നാടിന്റെ പലഭാഗത്തും ഫാൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ഫ്ളക്സുകളും തോരണങ്ങളും നിരന്നു കഴിഞ്ഞു. തിരുവല്ല-മാവേലിക്കര സംസ്ഥാനപാതയിൽ ആലപ്പുഴ പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിട്ട് ഒഴുകുന്ന പമ്പാ നദിയുടെ കുറുകെയുള്ള പന്നായിപ്പാലത്തിൽ അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകർ കൊടി തോരണങ്ങൾ ഉയർത്തിയാണ് ലോകകപ്പ് ഫുട്‍ബാളിനെ വരവേൽക്കുന്നത്. മത്സരത്തിന്റെ ദിവസങ്ങൾ അടുക്കുംതോറും ആരാധകരുടെ ആവേശവും വർദ്ധിക്കുകയാണ്.