ചേർത്തല: നഗരത്തിൽ കാറിന് വശം നൽകിയില്ലെന്നാരോപിച്ച് മിനിലോറി തടഞ്ഞ് കാബിനിലേക്കു മുളകുവെള്ളംചീ​റ്റിച്ച സംഭവത്തിൽ പ്രതിഷേധിച്ച് റേഷൻ വിതരണ തൊഴിലാളികൾ പണിമുടക്കി. സിവിൽ സപ്ലൈസിന്റെ വാതിൽപ്പടി റേഷൻ വിതരണം കഴിഞ്ഞ് മടങ്ങിയ വാഹനത്തിലെ തൊഴിലാളികൾക്കു നേരെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് അക്രമമുണ്ടായത്.

കണ്ണിൽ മുളകുവെള്ളം കയറിയതിനെ തുടർന്ന് ലോറിയിലുണ്ടായിരുന്ന തൊഴിലാളി നഗരസഭ മൂന്നാം വാർഡിൽ പുതുവൽ നികർത്ത് സുരേഷ് (54) താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മിനിലോറി ഡ്രൈവർ അഖിലിന്റെയും മ​റ്റൊരു തൊഴിലാളിയുടെയും ശരീരത്തിലും മുളകുവെള്ളം തെറിച്ചു. അക്രമം നടത്തിയ കാർ ഡ്രൈവറെ നിസാരവകുപ്പിട്ട് സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടതിലും പരാതി നൽകാനെത്തിയവർക്കെതിരെ കേസെടുത്തതിലും പ്രതിഷേധിച്ചായിരുന്നു തൊഴിലാളികൾ പണിമുടക്കിയത്. തുടർ നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് തൊഴിലാളികൾ അറിയിച്ചു.