photo
സബ്ജൂനിയർ കബഡി ദേശീയ ടീമിലിടം നേടിയ ഗവ. ഗേൾസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥിനികളായ ഗൗരിശങ്കരിയും കീർത്തനയും

ചേർത്തല: കബഡി നാഷണൽ ടീമിൽ ഇടം നേടി വിദ്യാർത്ഥിനികൾ.ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സി.കെ.കീർത്തനയും പത്താം ക്ലാസ് വിദ്യാർത്ഥിനി പി.എ.ഗൗരി ശങ്കരിയുമാണ് കബഡി സബ് ജൂനിയർ വിഭാഗത്തിൽ ദേശീയ ടീമിൽ ഇടംപിടിച്ചത്. അമച്വർ കബഡി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 27 മുതൽ 30 വരെ ഝാർഖണ്ഡിലെ ബൊക്കാറോ സ്​റ്റീൽ സി​റ്റിയിലാണ് ദേശീയ മത്സരം നടക്കുന്നത്. ചേർത്തല സെവൻ ഹീറോസ് കബഡി ക്ലബിലെ മുതിർന്ന താരങ്ങളാണ് സ്‌കൂൾ കബഡി ടീമിന് പരിശീലനം നൽകുന്നത്. ചിട്ടയായ പരിശീലനവും കഠിനാധ്വാനവുമാണ് നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് താരങ്ങൾ പറഞ്ഞു.മരുത്തോർവട്ടം ചേനപ്പറമ്പിൽ കണ്ണൻ രാജി ദമ്പതികളുടെ മകളാണ് കീർത്തന.വാരനാട് പാണ്ട്യംവെളിയിൽ പരേതനായ അനിൽകുമാറിന്റേയും ശാന്തകുമാരിയുടെയും മകളാണ് ഗൗരിശങ്കരി.