​ ആലപ്പുഴ: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം ജില്ലയിൽ നാലുവിദ്യാർത്ഥികൾക്ക്​. അമ്പലപ്പുഴ കൃഷ്ണവിഹാർ കോമന അരുന്ധതി ആർ.നായർ, കായംകുളം കറ്റാനം പള്ളിക്കൽ അനുഗ്രഹ കാട്ടുമുക്കിൽ റഹാൻ ഷൈജുജോൺ, മാന്നാർ കുട്ടംപേരൂർ കൃഷ്ണഭവനം ജെ. കൃഷ്​ണേന്ദു, കായംകുളം പുള്ളികണക്ക്​ തെക്കേമങ്കുഴി പി.വി.നിവാസ്​ എ.എസ്​. മഹാദേവൻ എന്നിവർക്കാണ്​ പുരസ്കാരം. ഇതിൽ സംഗീതത്തിൽ മികവുപുലർത്തിയ കൃഷ്​ണേന്ദു ഭിന്നശേഷി വിഭാഗത്തിൽനിന്നാണ്​ ഇടംപിടിച്ചത്​. ക്വിസ്​, പരിസ്ഥിതി സംരക്ഷണം, ഉപന്യാസ രചന, പുസ്തകാസ്വാദനം, സാമൂഹികം എന്നീ മേഖലയിൽ നിറഞ്ഞാണ്​​ രെഹാൻ ഷൈജു ജോണും പാട്ട്​, പ്രസംഗം, കവിത, ചിത്രരചന, സാമൂഹികം എന്നീ മേഖലയിൽ കഴിവുതെളിയിച്ച്​ അരുന്ധതി ആർ. നായരും ചിത്രരചന, രംഗോലി, പദ്യപാരായണം, നാടോടിനൃത്തം, ​ക്ലേമോഡലിംഗ് എന്നിവയിലും നേട്ടം സ്വന്തമാക്കി എ.എസ്​. മ​ഹാദേവനും പുരസ്കാരത്തിന്​ അർഹതനേടിയത്​. വ്യത്യസ്ത മേഖലകളിൽഅസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ ജില്ലാ കളക്ടർ അദ്ധ്യക്ഷനായ കമ്മിറ്റി രൂപവത്​കരിച്ചാണ്​ തിരഞ്ഞെടുക്കുന്നത്​. 14ന് വൈകിട്ട്​ നാലിന്​ പാളയം അയ്യൻകാളി ഹാളിൽ മന്ത്രി വീണാ ജോർജ് പുരസ്‌കാരം സമ്മാനിക്കും.