എൽ.ഡി.എഫിനും ബി.ജെ.പിക്കും ഓരോ സീറ്റ്
ആലപ്പുഴ: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ പാണ്ടനാട് പഞ്ചായത്തിൽ ബി.ജെ.പിയിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത് കോൺഗ്രസിനും കാർത്തികപ്പള്ളിയിൽ ഇടതുമുന്നണിയെ ഞെട്ടിച്ച് ബി.ജെ.പിക്കും അട്ടിമറി ജയം. എഴുപുന്നയിൽ ഇടതുമുന്നണി സീറ്റ് നിലനിറുത്തിയപ്പോൾ മുതുകുളത്ത് ബി.ജെ.പിയിൽ നിന്നെത്തി യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ജി.എസ്. ബൈജുവിന് വിജയം. പാലമേലിൽ ഇടതുമുന്നണിയുടെ സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു.
എഴുപുന്നയിൽ കെ.പി. സ്‌മിനീഷ്
കെ.പി. സ്‌മിനീഷ് (എൽ.ഡി.എഫ്): 433
സന്ദീപ് സെബാസ്‌റ്റ്യൻ (യു.ഡി.എഫ്): 368
ഷാബു മോൻ (ബി.ജെ.പി): 186
ഭൂരിപക്ഷം: 65
(നാലാം വാർഡ് അംഗമായിരുന്ന കെ.ആർ. സത്യപ്പന്റെ നിര്യാണത്തെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. ആകെയുള്ള 16ൽ 11 സീറ്റും എൽ.ഡി.എഫിനാണ്. മൂന്ന് സീറ്റിൽ യു.ഡി.എഫും രണ്ടു സീറ്റിൽ ബി.ജെ.പിയും. ഭരണമാറ്റ സാദ്ധ്യതയില്ല.)
മുതുകുളത്ത് ജി.എസ്. ബൈജു
ജി.എസ്. ബൈജു (യു.ഡി.എഫ് സ്വത.): 487
അയ്യപ്പൻ (എൽ.ഡി.എഫ്): 384
ജയേഷ് (ബി.ജെ.പി): 69
ഭൂരിപക്ഷം: 103
(നാലാം വാർഡിൽ ബി.ജെ.പി അംഗമായിരുന്ന ജി.എസ്. ബൈജു നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത മൂലം പഞ്ചായത്തംഗത്വം രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തുടർന്ന് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. 15 അംഗ ഭരണസമിതിയിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ അഞ്ചംഗങ്ങളുള്ള സി.പി.എമ്മാണ് ഭരിക്കുന്നത്. കോൺഗ്രസിന് അഞ്ചംഗങ്ങളും ബി.ജെ.പിക്ക് മൂന്നംഗങ്ങളുമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ സീറ്റ് പിടിച്ചെടുത്തതോടെ യു.ഡി.എഫിനും ആറ് അംഗങ്ങളായി. അതിനാൽ ഭരണമാറ്റം സാദ്ധ്യത തള്ളിക്കളയാനാവില്ല.)
കാർത്തികപ്പള്ളിയിൽ ഉല്ലാസ്
ഉല്ലാസ് (ബി.ജെ.പി): 286
എലിസബത്ത് അലക്‌സാണ്ടർ (യു.ഡി.എഫ്): 209
കുരുവിള കോശി (എൽ.ഡി.എഫ്): 164
ഭൂരിപക്ഷം: 77
(എട്ടാം വാർഡിൽ എൽ.ഡി.എഫ് അംഗമായിരുന്ന ജിമ്മി വി.കൈപ്പള്ളിൽ അനുമതിയില്ലാതെ വിദേശത്ത് പോയതോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗത്വം റദ്ദാക്കിയതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 13 അംഗ ഭരണസമിതിയിൽ ബി.ജെ.പിക്ക് അഞ്ചും എൽ.ഡി.എഫിന് നാലും യു.ഡി.എഫിന് മൂന്നും അംഗങ്ങളുണ്ട്. സ്വതന്ത്ര അംഗമായ ഗിരിജ ഭായിയാണ് യു.ഡി.എഫ്- എൽ.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്ത്. സി.പി.എം അംഗം അമ്പിളിയാണ് വൈസ് പ്രസിഡന്റ്. അതിനാൽ ഭരണമാറ്റ സാദ്ധ്യതയില്ല.)
പാലമേലിൽ ഷീജ ഷാജി
ഷീജ ഷാജി (യു.ഡി.എഫ്): 594
രാജി നൗഷാദ് (എൽ.ഡി.എഫ്): 573
പ്രഭാവതി സോമൻ (ബി.ജെ.പി): 18
ഭൂരിപക്ഷം: 21
(സി.പി.ഐ അംഗമായ ഐഷ ബീവിക്ക് സർക്കാർ ജോലി ലഭിച്ചതോടെണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 19ൽ 11 സീറ്റ് സി.പി.എമ്മിനാണ്. കോൺഗ്രസിന് ആറും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളുണ്ട്. ഭരണമാറ്റ സാദ്ധ്യതയില്ല.)
പാണ്ടനാട് ജോസ് വല്യാനൂർ
ജോസ് വല്യാനൂർ (കോൺഗ്രസ്): 260
ആശ വി.നായർ (സി.പി.എം സ്വതന്ത്ര): 220,
വി.ജി. മനോഹരൻ (ബി.ജെ.പി): 116
ഭൂരിപക്ഷം: 40
(ഏഴാം വാർഡ് വന്മഴി വെസ്റ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റേത് അട്ടിമറി വിജയമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലായിരുന്ന ആശ വി.നായരോട് പരാജയപ്പെട്ട ജോസ് വല്യാനൂർ ഇത്തവണ സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയായി വന്ന ആശ വി.നായരെ 40 വോട്ടിന് പരാജയപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആശ വി.നായർ ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേരുകയും പഞ്ചായത്തംഗത്വം രാജിവയ്ക്കുകയും ചെയ്തോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. ആശയുടെ രാജിക്കു മുമ്പ് ബി.ജെ.പി ഭരിച്ചിരുന്ന ജില്ലയിലെ ഏക പഞ്ചായത്തായിരുന്നു പാണ്ടനാട്. നിലവിൽ 13 അംഗ ഭരണസമിയിൽ ഇടതുമുന്നണിക്കും ബി.ജെ.പിക്കും അഞ്ച് അംഗങ്ങളും കോൺഗ്രസിന് മൂന്നു പേരുമുണ്ട്. നിലവിൽ കോൺഗ്രസ് പിന്തുണയോടെ എൽ.ഡി.എഫാണ് ഭരിക്കുന്നത്. ഭരണമാറ്റ സാദ്ധ്യതയില്ല.)