ആലപ്പുഴ: നഗരത്തി​ലെ പ്രധാന കേന്ദ്രങ്ങളി​ലടക്കം ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളാനെത്തുന്നവരെ ഫലപ്രദമായി തടയാനാവാതെ അധി​കൃതർ.

10 മാസത്തിനിടെ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നൈറ്റ് സ്‌ക്വാഡ് നൂറുകണക്കിന് പേരെ കുടുക്കിയെങ്കിലും ഇപ്പോഴും മാലിന്യ നിക്ഷേപത്തിന് അറുതിയില്ല. ആദ്യ ഘട്ടത്തിൽ പിഴയ്ക്കൊപ്പം മാലിന്യ നിക്ഷേപകരുടെ പേരും വിലാസവുമടക്കം നഗരസഭ പ്രസിദ്ധപ്പെടുത്തിയിരുന്നു. മാലിന്യം തള്ളുന്നവരുടെ എണ്ണത്തിൽ കുറവില്ലാത്ത പശ്ചാത്തലത്തിൽ വീണ്ടും പേരടക്കം പുറത്ത് വിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് അധിക‌ൃതർ. കഴിഞ്ഞ രണ്ട് രാത്രികളിൽ മാലിന്യ നിക്ഷേപകർ സ്ക്വാഡിന് മുന്നിൽ അകപ്പെട്ടിരുന്നു.

നഗരത്തിൽ മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പിഴ ചുമത്തുന്നുണ്ട്. രാത്രി 10 മുതൽ 11.30 വരെയാണ് മാലിന്യം നിക്ഷേപം. നൈറ്റ് സ്‌ക്വാഡിന് പിന്തുണയുമായി നഗരസഭയുടെ തൊഴിലാളികൾ ഹോട്ട് സ്പോട്ടുകൾക്ക് സമീപം നിശബ്ദ നിരീക്ഷണത്തിനുണ്ട്. ധാരാളം പേർ രഹസ്യവിവരവും നൽകുന്നുണ്ട്.

# പുതിയ ഇടങ്ങളിലേക്ക്

ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ച് നൈറ്റ് സ്ക്വാഡുകൾ ശക്തമായതോടെ, മാലിന്യ നിക്ഷേപത്തിന് പുതിയ സ്ഥലങ്ങൾ കണ്ടുപിടിക്കുന്നുണ്ട്. ആലിശേരി ശതാബ്ദി മന്ദിരത്തിന് പിൻഭാഗം, പുലയൻവഴി പള്ളിക്ക് സമീപം, കയർ കോർപ്പറേഷന് കിഴക്ക് വശത്തെ തോട് തുടങ്ങി പുതിയ മാലിന്യ സ്പോട്ടുകളാണ് രൂപം കൊള്ളുന്നത്.

എത്ര പറഞ്ഞാലും അനുസരിക്കില്ലെന്ന മനോഭാവം തുടരുന്നവരുണ്ട്. ഇന്നലെയും നഗരത്തിൽ മാലിന്യ നിക്ഷേപത്തിനെത്തിയവരെ കൈയോടെ പിടികൂടി. ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കുറ്റം ആവർത്തിക്കുന്ന പക്ഷം കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരും

സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ