shayna-navas
ഷൈന നവാസ്, ടൗൺവാർഡ് മെമ്പർ

മാന്നാർ: നൂറുകണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളത്തിന് ആശ്രയമായിരുന്ന മാന്നാർ ഗ്രാമപഞ്ചായത്ത് ടൗൺവാർഡിലെ പമ്പ് ഹൗസ് തകർച്ചയുടെ വക്കിൽ. വിരലിലെണ്ണാവുന്ന വീട്ടുകാർക്കുവേണ്ടി മാത്രമാണ് ഇപ്പോൾ ഇതിന്റെ പ്രവർത്തനം. മാന്നാർ ടൗണിൽ മാർക്കറ്റ്ജംഗ്‌ഷനും പോസ്റ്റോഫീസിനും മദ്ധ്യേ പാലക്കീഴിൽ റോഡിൽ പൊലീസ് സ്റ്റേഷന് വടക്ക് വശത്തായി ആറുപതിറ്റാണ്ടിനു മുമ്പ് ജലഅതോറിട്ടി സ്ഥാപിച്ചതാണ് പമ്പ്ഹൗസ്. പിന്നീട് പഞ്ചായത്തിന് കൈമാറി. 27 പൊതുടാപ്പുകളിലൂടെ കുടിവെള്ള വിതരണം ചെയ്തിരുന്ന പമ്പ്ഹൗസിൽ താത്കാലികമായി പമ്പ് ഓപ്പറേറ്ററെയും നിയമിച്ചിരുന്നു. കാലങ്ങൾ പിന്നിട്ടതോടെ പമ്പ്ഓപ്പറേറ്റർ ഇല്ലാതാവുകയും മാറിമാറിവന്ന വാർഡ് മെമ്പർമാർ തന്നെ പമ്പ്ഓപ്പറേറ്റർമാരുടെ ജോലി ഏറ്റെടുക്കുകയും ചെയ്തു. പമ്പ്ഹൗസിനോട് ചേർന്ന് തന്നെയുള്ള പൊതുടാപ്പിൽ നിന്നും നിരവധി കുടുംബങ്ങൾ ജലം ശേഖരിച്ചിരുന്നു. ജൽജീവൻ മിഷൻ പദ്ധതി നിലവിൽ വന്നതോടെയാണ് മാന്നർ ടൗണിലെ പമ്പ്ഹൗസിന്റെ പ്രതാപം നഷ്ടപ്പെട്ടു തുടങ്ങിയത്. മാന്നാർ ടൗണിലെ 90 ശതമാനം വീടുകളിലും ജലജീവൻ കണക്ഷൻ ലഭ്യമായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയോടെയുള്ള ജലജീവൻ കണക്ഷന് ചെലവ് കുറഞ്ഞതിനാൽ പമ്പ്‌ഹൗസിൽ നിന്നുമുള്ള കുടിവെള്ളത്തിനെ നാട്ടുകാർ കൈവിട്ടു. മുകളിലുള്ള ജലസംഭരണി കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായതോടെ ജലം ചോർന്നൊലിച്ചും പായൽപിടിച്ചും തകർച്ചയുടെ വക്കിലായ പമ്പ്‌ഹൗസ് അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റും പൊതുടോയിലറ്റായി. മതിൽക്കെട്ടുണ്ടെങ്കിലും ഗേറ്റില്ലാത്തതിനാൽ ആർക്കും യഥേഷ്ടം 'ശങ്ക' തീർത്ത് പോകാമെന്നതിനാൽ ദുർഗന്ധം കാരണം പരിസരവാസികൾക്ക് മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്.

..........

പമ്പ്ഹൗസിന്റെ പ്രാധാന്യം നഷ്ടപ്പെട്ടതിനാൽ പഞ്ചായത്തുമായി കൂടിയാലോചിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾക്കായി സ്ഥലം വിനിയോഗിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ മാന്നാർ ടൗൺവാർഡിലെ അങ്കണവാടിക്ക് ഈ സ്ഥലം വിട്ടുകിട്ടുന്നതിന് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
(ഷൈന നവാസ്, ടൗൺവാർഡ് മെമ്പർ)

തകർച്ചയുടെ വക്കിലെത്തി കാടുപിടിച്ചും തെരുവ്നായ്ക്കളുടെ വിഹാര കേന്ദ്രവുമായിരിക്കുന്ന ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പമ്പ്ഹൗസ് നീക്കം ചെയ്ത് കുട്ടികൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ പാർക്കോ മറ്റോ നിർമ്മിച്ചാൽ ഏറെ ഉപകാരപ്രദമാകും.
(കെ.പി സീനത്ത്, മാന്നാർ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് )