കായംകുളം: ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിന്റെ ഭാഗമായുള്ള കായംകുളം ജലോത്സവം നാളെ നടക്കും. ഇന്ന് വൈകിട്ട് 4ന് സാംസ്കാരിക ഘോഷയാത്ര കെ.പി.എ.സി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ജലോത്സവ നഗരിയിൽ എത്തിച്ചേരും.
ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ ഘോഷയാത്ര ഫ്ലാഗ് ഒഫ് ചെയ്യും. തുടർന്ന് നാടൻ പാട്ട് ദൃശ്യാവിഷ്കാരം. 6.30ന് നടക്കുന്ന മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യു.പ്രതിഭ എം.എൽ.എയുടെ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ പി.ശശികല മുഖ്യപ്രഭാഷണം നടത്തും. രാത്രി 8 ന് മുതൽ ചലച്ചിത്ര പിന്നണി ഗായിക ദുർഗാ വിശ്വനാഥ് നയിക്കുന്ന മെഗാ ഷോ. നാളെ ഉച്ചയ്ക്ക് 2 ന് മുതൽ മത്സര വള്ളംകളി. വീയപുരം ചുണ്ടൻ,ദേവാസ് ചുണ്ടൻ ആയാപറമ്പ് പാണ്ടി, ചമ്പക്കുളം, പായിപ്പാടൻ, ചെറുതന,മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ,സെന്റ് പയസ് റ്റെൻത് ചുണ്ടൻ, നടുംഭാഗം ചുണ്ടൻ തുടങ്ങിയ ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കുന്നത്. ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ പതാക ഉയർത്തും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. യു പ്രതിഭ എം.എൽ.എയുടെ അദ്ധ്യക്ഷത വഹിക്കും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മാസ്ഡ്രിൽ ഫ്ലാഗ് ഒഫ് ചെയ്യും.അഡ്വ.എ.എം ആരിഫ് എം.പി ക്യാപ്റ്റൻമാരെ പരിചയപ്പെടുത്തും. മന്ത്രി പി. പ്രസാദ് സമ്മാനദാനം നിർവഹിക്കും. എം.എൽ.എമാരായ രമേശ് ചെന്നിത്തല,സജി ചെറിയാൻ,എം.എസ്.അരുൺകുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.