മാന്നാർ: വർഷങ്ങളായി വാടക കെട്ടിടങ്ങളിൽ മാറിമാറി പ്രവർത്തിച്ച് വന്നിരുന്ന മാന്നാർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ 163-ാം നമ്പർ അങ്കണവാടി പ്രതിസന്ധികൾ മറികടന്ന് നാളെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ച് തുടങ്ങും. 17ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5നു സജി ചെറിയാൻ എം.എൽ.എ നിർവഹിക്കും. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷത വഹിക്കും. 22 വർഷങ്ങൾക്കു മുമ്പ് ചേപ്പഴത്തിയിൽ ഭാഗത്ത് പഞ്ചായത്ത് വക സ്ഥലത്ത് 1.25 ലക്ഷം രൂപ അനുവദിച്ച് കെട്ടിടനിർമ്മാണം തുടങ്ങിയെങ്കിലും പണി പൂർത്തീകരിക്കാൻ സാധിക്കാതെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് 2011ൽ അന്നത്തെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ വാർഡ്മെമ്പർ അജിത്ത് പഴവൂർ മുൻകൈയെടുത്ത് കുന്നക്കാട്ട് കുളത്തിന് സമീപമുള്ള പഞ്ചായത്ത് വക സ്ഥലത്ത് 13 ലക്ഷം രൂപയുടെ കെട്ടിടത്തിന് ഭരണാനുമതി നേടുകയും, ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ സാമഗ്രികൾ ഇറക്കി പണി ആരംഭിക്കുന്ന ഘട്ടത്തിൽ കുളത്തിന് സമീപത്തായതിനാൽ പൊതുജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചതോടെ പദ്ധതി ഉപേക്ഷിക്കേണ്ടിയും വന്നു. കുട്ടംപേരൂർ ചേപ്പഴത്തിയിൽ വിജ്ഞാൻവാടിക്ക് സമീപമായിട്ടാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.