ambala

അമ്പലപ്പുഴ: തോട്ടപ്പള്ളിക്കു പടിഞ്ഞാറ് കടലിൽ മത്സ്യബന്ധന വള്ളങ്ങൾ കൂട്ടിയിടിച്ച് കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല. അഴീക്കൽ വലിയ വീട്ടിൽ ഷാലു വാഹനനെയാണ് (കണ്ണൻ) കാണാതായത്.ഇന്നലെ പുലർച്ചെ 6 ഓടെ ആരംഭിച്ച തെരച്ചിൽ വൈകിട്ട് 6 ഓടെ നിറുത്തി. ഇന്ന് പുലർച്ചെ പുനരാരംഭിക്കും. കോസ്റ്റൽ ഗാർഡ്, കോസ്റ്റൽ പൊലീസ്, ഫിഷറീഷ്, മറൈൻ എന്നീ വിഭാഗങ്ങളുടെ ബോട്ടും, മത്സ്യതൊഴിലാളികൾ വള്ളങ്ങളിലും തെരച്ചിലിൽ പങ്കെടുത്തു.

തീരത്തു നിന്നും 10 കി.മീറ്ററോളം അകലെയായതാണ് തെരച്ചിലിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു. ബുധനാഴ്ച പുലർച്ചെ 5ഓടെ വലിയഴീക്കലിൽ നിന്നു മത്സ്യ ബന്ധനത്തിനു പോയ മകരമത്സ്യം വള്ളം മുക്കുമ്പുഴ അമ്മ എന്ന വള്ളത്തെ കെട്ടിവലിച്ച് കൊണ്ടുവരുന്നതിനിടെ ശ്രീധർമ്മശാസ്താ വള്ളം മകരമത്സ്യം വള്ളത്തിൽ കെട്ടിയിരുന്ന റോപ്പിൽ തട്ടുകയും റോപ്പുമായി ബന്ധിച്ചിരുന്ന പൈപ്പ് പൊട്ടി കണ്ണനെ കടലിൽ കാണാതാകുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്ന 3 മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. ഇവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.