
തുറവൂർ: ദേശീയപാതയിൽ തുറവൂർ പുത്തൻ ചന്തയിൽ നിയന്ത്രണം തെറ്റിയ കാറിടിച്ചു 5 വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർ രണ്ട് ദിവസത്തിനു ശേഷം പൊലീസിൽ കീഴടങ്ങി. കാറിന്റെ ഉടമ അരൂർ സ്വദേശി അഭിലാഷിന്റെ ബന്ധുവായ രാമചന്ദ്രനാണ് (68) ഇന്നലെ രാവിലെ കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ഇയാൾക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
അപകടത്തിൽ പരിക്കേറ്റ ഇയാൾ ഓട്ടോറിക്ഷയിൽ കയറി സംഭവ സ്ഥലത്തു നിന്നു കടന്നു കളഞ്ഞതിനാൽ കാർ ഉടമയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തുറവൂർ പ്രാദേശിക കേന്ദ്രത്തിലെ വിദ്യാർത്ഥിനികൾക്ക് നേരെയാണ് കാർ പാഞ്ഞുകയറിയത്. ബി.എ (സംസ്കൃതം) വിദ്യാർത്ഥികളായ എരമല്ലൂർ സ്വദേശിനി വിഷ്ണുപ്രിയ (19), വളമംഗലം സ്വദേശിനി നിഖിത (19), മുഹമ്മ കായിപ്പുറം സ്വദേശിനി നന്ദന (19), കഞ്ഞിക്കുഴി സ്വദേശിനി അശ്വതി (19), നവമി (19) എന്നിവർക്കാണ് പരിക്കേറ്റത്. കാലുകൾ ഒടിയുകയും നട്ടെല്ലിന് ഗുരുതര പരിക്കേൽക്കുകയും ചെയ്ത നന്ദന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും കാലിന് സാരമായി പരിക്കേറ്റ അശ്വതി, നിഖിത, വിഷ്ണു പ്രിയ എന്നിവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ നന്ദനയെ കാലിന്റെ ഓപ്പറേഷന് വിധേയമാക്കി. നന്ദനയുടെ നട്ടെല്ലിന് ഗുരുതര പരിക്കുള്ളതിനാൽ അടുത്ത ദിവസം ഓപ്പറേഷൻ നടത്തും. കോട്ടയത്ത് ചികിത്സയിലുള്ള വിദ്യാർത്ഥിനികൾക്കും ഓപ്പറേഷൻ വേണ്ടിവരും. നിർദ്ധന കുടുംബങ്ങളിലെ അംഗങ്ങളായ വിദ്യാർത്ഥിനികളുടെ ചികിത്സയ്ക്കുള്ള തുക കണ്ടെത്താൻ സഹപാഠികളും അദ്ധ്യാപകരും രംഗത്തുണ്ട്.