t

ആലപ്പുഴ: ആലപ്പുഴ മെഡി​. ആശുപത്രി​യി​ലടക്കം ജില്ലയിലെ സർക്കാർ ആശുപത്രികളി​ൽ ന്യുമോണിയ, മഞ്ഞപ്പിത്തം, ആസ്‌ത്മ, പ്രമേഹം എന്നി​വയ്ക്കുള്ള മരുന്നുകൾക്ക് രൂക്ഷമായ ക്ഷാമം. സർക്കാർ ഫാർമസികളിലും കാരുണ്യ മെഡിക്കൽ സ്റ്റോറുകളിലും ഇതേ ക്ഷാമമാണ്.ഡോക്ടർമാർ കുറിക്കുന്ന മരുന്ന് സൗജന്യമായാണ് സർക്കാർ ഫാർമസികളിൽ നിന്ന് ലഭിച്ചിരുന്നത്. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ ഇതി​ന് വലി​യ വി​ല നൽകേണ്ട സാഹചര്യവുമുണ്ട്. ആശുപത്രിയിൽ എത്തുന്ന രോഗികൾ ഏറെ നേരം ക്യൂ നിന്ന് ഫാർമസിക്ക് മുന്നിലെത്തുമ്പോഴാണ് മരുന്നില്ലെന്ന വിവരമറിയുന്നത്. ഒരാഴ്ചത്തേക്കുള്ള മരുന്നി​ന് പകരം രണ്ടു ദി​വസത്തേക്കുള്ളത് കൊടുത്ത് 'സമാധാനി'പ്പിച്ച് അയയ്ക്കുന്ന ജോലിയും ഫാർമസി ജീവനക്കാർ ഏറ്റെടുത്തിരിക്കുകയാണ്!

അവശ്യ മരുന്നുകളുടെ വിതരണം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഇടക്കാലത്ത് നിറുത്തിവച്ചിരുന്നു. കോർപ്പറേഷനുമായി കരാറുള്ളതിനാൽ ലോക്കൽ പർച്ചേസ് പ്രകാരം മരുന്നു വാങ്ങാനും കഴിയില്ല. രോഗികൾക്ക് പാരസെറ്റ്‌മോൾ ഗുളിക പോലും ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇതോടെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളാണ് ആശ്രയമാകുന്നത്. കിടത്തി ചികിത്സയിലുള്ള രോഗികൾ വിലകൂടിയ കുത്തിവയ്പ് മരുന്നുകൾ സ്വകാര്യ മെഡിക്കൽ സ്റ്റോറികളിൽ നിന്നു വാങ്ങേണ്ട അവസ്ഥയാണ്. ആലപ്പുഴ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും രോഗികൾ ആശ്രയിക്കുന്ന ജില്ല ജനറൽ ആശുപത്രിയിലും മരുന്നുകൾക്ക് ക്ഷാമമുണ്ട്. കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആയിരത്തിലധികം പേരാണ് ദിനംപ്രതി ഒ.പിയിൽ എത്തുന്നത്. ഭൂരിഭാഗം പേർക്കും മരുന്ന് കിട്ടുന്നില്ല. ബി.പി.എൽ വിഭാഗത്തിലുള്ളവരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്.

ഓർഡർ വെട്ടിക്കുറച്ചു


സാമ്പത്തിക വർഷം ആവശ്യമായ മരുന്നിന്റെ 40 ശതമാനത്തോളം ഓർഡർ കുറച്ചതും പ്രതിസന്ധിയായി. കൊവിഡ് കാലത്ത് ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം കുറവയായിരുന്നു. അതോടെ വിവിധയിനം മരുന്നുകൾ കാലാവധി കഴിഞ്ഞ് പാഴായി. മോശമായ മരുന്നിന്റെ ബാദ്ധ്യത ഓഡിറ്റ് റിപ്പോർട്ടിൽ ഉദ്യോഗസ്ഥരുടെ ചുമലിലാകും. ഇത് ഒഴിവാക്കാൻ പല ആശുപത്രികളും മരുന്നുകളുടെ ഓർഡർ കുറച്ചു. കൊവിഡാനന്തരം ആശുപത്രികളിലേക്ക് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് മരുന്നു വിതരണത്തിൽ തുടക്കത്തിൽ വീഴ്ചയുണ്ടായതും വിനയായി.