
ആലപ്പുഴ: ആലപ്പുഴ രൂപതാംഗം ഫാ. ഫെർണാണ്ടസ് കാക്കശേരിയിൽ (53) നിര്യാതനായി. എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ നാലിന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഇന്നുച്ചയ്ക്ക് സെന്റ് സെബാസ്റ്റ്യൻസ് ഇടവക പള്ളിയങ്കണത്തിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. 2.30 ന് സംസ്‌കാര കർമങ്ങൾ ആരംഭിക്കും. പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ പരേതരായ കാക്കശേരിയിൽ സെബാസ്റ്റ്യന്റെയും സിസിലിയുടെയും മകനാണ് ഫാ. ഫെർണാണ്ടസ്. അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ സഹവികാരിയായി സേവനമുഷ്ഠിച്ചിട്ടുണ്ട്. വെള്ളാപ്പള്ളി സെന്റ് ഫ്രാൻസിസ് അസീസി ഇടവകയിലും 1998 മുതൽ സെന്റ് ആന്റണീസ് ഓർഫനേജിന്റെ അസിസ്റ്റന്റ് ഡയറക്ടറായും കാറ്റിക്കിസം അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചു. റോമിലെ ലാറ്ററൽ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തിയ അദ്ദേഹം 2006 മുതൽ മായിത്തറ സേക്രഡ് ഹാർട്ട് സെമിനാരി റെക്ടറായിരുന്നു. 2006ൽ ഫാമിലി അപ്പസ്‌തോലറ്റിന്റെ ഡയറക്ടറായി ചുമതലയേറ്റു. 2010 മുതൽ 2015 വരെ ആലപ്പുഴ രൂപതയുടെ ചാൻസലറായിരുന്നു. 2015 ൽ രൂപത പ്രൊക്യുറേറ്ററായും ലിയോ തേർട്ടീന്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മാനേജരായും ചുമതലയേറ്റു. 2016 മുതൽ 2019 വരെ ആലപ്പുഴ രൂപതയുടെ എപ്പിസ്‌കോപ്പൽ വികാരിയായിരുന്നു. 2020 മുതൽ സീവ്യൂ വാർഡ് സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്‌കൂളിന്റെ ലോക്കൽ മാനേജർ, സാന്ത്വൻ സ്‌പെഷൽ സ്‌കൂൾ ഡയറക്ടർ, രൂപത പ്രോജക്ട് കോ ഓർഡിനേറ്റർ, കൂദാശകൾക്കായുള്ള എപ്പിസ്‌ക്കോപ്പൽ വികാരി എന്നീനിലകളിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. നിര്യാണത്തിൽ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഡോ. ജയിംസ് ആനാപറമ്പിൽ അനുശോചിച്ചു. സഹോദരങ്ങൾ: വർഗീസ്, പരേതനായ അലക്സ്, ജമ്മ, തങ്ക, ജോസുകുഞ്ഞ്, കുട്ടിയമ്മ, ലോപ്പസ്, ഡോമിനിക്ക്, സിസ്റ്റർ മാർഗ്രറ്റ്.