മാവേലിക്കര: ഉപജില്ല സ്കൂൾ കായികമേളയിൽ തുടർച്ചയായ മുപ്പതാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്. കായികാദ്ധ്യാപകൻ സന്തോഷ് ജോസഫ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിലുള്ള താരങ്ങൾ എതിരാളികലെ ബഹുദൂരം പിന്നാലാക്കിയാണ് ചരിത്രം കുറിച്ചത്. 386 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
രണ്ടാം സ്ഥാനം നേടിയ ചെന്നിത്തല മഹാത്മ ഗേൾസ് എച്ച്.എസ് 102 പോയിന്റ് നേടി. 88 പോയിന്റ് കരസ്ഥമാക്കി മാവേലിക്കര ബി.എച്ച്.എച്ച്.എസ്.എസ്, ചുനക്കര ഗവ.വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനം പങ്കിട്ടു.
മാവേലിക്കര ഗവ.ബോയ്സ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം നഗരസഭ അദ്ധ്യക്ഷൻ കെ.വി.ശ്രീകുമാർ ഉദ്ഘാാനം ചെയ്തു. ഉപാദ്ധ്യക്ഷ ലളിത രവീന്ദ്രനാഥ് അദ്ധ്യക്ഷയായി. എ.ഇ.ഒ ഭാമിനി ദാസ് അവലോകനം നടത്തി. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ സജീവ് പ്രായിക്കര, എച്ച്.എസ്.എസ് പ്രിൻസിപ്പൽ പുഷ്പ രാമചന്ദ്രൻ, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പാർവതി മീര, എച്ച്.എം ഫോറം സെക്രട്ടറി റിനേഷ് ശാമുവേൽ, സംഘാടക സമിതി അംഗം ഓമനക്കുട്ടൻ, സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ എന്നിവർ സംസാരിച്ചു. തുടർന്ന് സമ്മാന വിതരണവും നടന്നു.