t
t

മാവേലിക്കര: കോടികളുടെ നിയമന തട്ടിപ്പിൽ അറസ്റ്റിലായ ചെട്ടികുളങ്ങര ഈരേഴ വടക്ക് ചാക്കര കിഴക്കതിൽ ദീപു ത്യാഗരാജൻ (39) ഒന്നാം പ്രതി വിനീഷ് രാജിന്റെ വലം കൈയാണെന്ന് പൊലീസ്. തിങ്കളാഴ്ച വൈകിട്ട് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് മാവേലിക്കര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഒമാനിലേക്ക് മുങ്ങിയ ദീപു തിരികെ രഹസ്യമായി കേരളത്തിലേക്ക് എത്തുന്നതിനിടെയാണ് പിടിയിലായത്. മാവേലിക്കര ഫസ്റ്റ്ക്ലാസ് മജിസ്‌​ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത ഇയാളെ 4 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇന്ന് വൈകിട്ട് തിരികെ കോടതിയിൽ ഹാജരാക്കും. വ്യാജ സീലുകളും വ്യാജ ഐഡന്റിറ്റി കാർഡുകളും നിർമ്മിക്കുന്നതിന്റെ മുഖ്യ സൂത്രധാരനാണ് ദീപു. ഇയാളെ ചോദ്യം ചെയ്ത ശേഷമാണ് സീലും ഐഡന്റിറ്റി കാർഡും നിർമ്മിക്കാൻ സഹായിച്ചവരെ പൊലീസ് പിടികൂടിയത്. ഐഡന്റിറ്റി കാർഡ് നിർമിച്ച സ്റ്റുഡിയോ ഉടമ കായംകുളം പുതുപ്പള്ളി കണ്ടല്ലൂർ ശ്രീമംഗലത്ത് സജീവ്കുമാറിനെയും (39) വ്യാജസീൽ നിർമ്മിച്ച സീൽ നിർമാണ കേന്ദ്രത്തിന്റെ ഉടമ കൃഷ്ണപുരം പെരിങ്ങാല ദേശത്തിനകം സിജുഭവനത്തിൽ എസ്. സജിയെയും (36) അറസ്റ്റ് ചെയ്തു. ഇവർ റിമാൻഡിലാണ്. കായംകുളം പുതിയിടത്തുള്ള രണ്ടു സ്ഥാപനങ്ങളും പൊലീസ് സീൽ ചെയ്തു.