ഹരിപ്പാട്: കുമാരപുരം രണ്ടാം വാർഡ് എസ്.എൻ.വി എൽ പി സ്കൂളിന് തെക്കുഭാഗത്ത് അനധികൃതമായി നെൽവയൽ നികത്താൻ ഉപയോഗിച്ച ജെ.സി.ബി ഹരിപ്പാട് പൊലീസ് പിടിച്ചെടുത്തു. കരുവാറ്റ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജെ.സി.ബിയാണ് കഴിഞ്ഞദിവസം രാത്രിയിൽ പൊലീസ് പിടികൂടിയത്. കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും വാഹനം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.
ദിവസങ്ങളായി ഇവിടെ നൂറുകണക്കിന് ലോഡ് ഗ്രാവൽ ഉപയോഗിച്ച് നെൽവയൽ നികത്തുകയാണെന്ന് പൊലീസ് പറഞ്ഞു. തോണിക്കടവ്, കവറാട്ട്, എരിക്കാവ്, കൂട്ടംകൈത എന്നിവിടങ്ങളിൽ വയലുകളും തണ്ണീർത്തടങ്ങളും ദേശീയപാത വികസനത്തിനു വേണ്ടി പൊളിക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഉൾപ്പെടെയിട്ട് നികത്തുന്നത് വ്യാപകമാണെന്നും നടപടി ഉണ്ടാവുമെന്നും പൊലീസ് വ്യക്തമാക്കി.